കെൽ കുതിപ്പിന് വിപുലമായ പദ്ധതി

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ ജനറേറ്ററുകളും കെൽ വഴി നൽകും കാസർകോട്: ബദ്രഡുക്കയിൽ വീണ്ടും പ്രവർത്തനം തുടങ്ങിയ പൊതുമേഖല സ്ഥാപനമായ കെൽ ഇ.എം.എൽ കമ്പനിയുടെ കുതിപ്പിന് ഒരുങ്ങുന്നത് വിപുലമായ പദ്ധതികൾ. ഏപ്രിൽ ഒന്നിന് കമ്പനി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചുവെങ്കിലും ഉൽപാദനം തുടങ്ങാൻ ഒന്നരമാസമെങ്കിലും ഇനിയും കാത്തിരിക്കണം. രണ്ടുവർഷം നിലച്ചതിനാൽ കമ്പനിയുടെ പഴയ ഓർഡറുകൾ പുനഃസ്ഥാപിക്കാനുള്ള തിരക്കിലാണ് മാർക്കറ്റിങ് വിഭാഗം. റെയിൽവേക്ക് ആവശ്യമായ ആൾട്ടർനേറ്ററുകളാണ് കെൽ യൂനിറ്റിൽ പ്രധാനമായും ഉൽപാദിപ്പിച്ചിരുന്നത്. രാജധാനി എക്സ്പ്രസ് ഉൾ​െപ്പടെയുള്ള ട്രെയിനുകൾക്ക് ആൾട്ടനേറ്ററുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. രാജ്യത്ത് ഭെല്ലിനു പുറമെ പൊതുമേഖലയിൽ ഇത്തരം യന്ത്രങ്ങൾ നിർമിക്കുന്ന ഏക കമ്പനി കൂടിയാണ് കെൽ. പഴയ ഓർഡറുകൾ പുനഃസ്ഥാപിക്കാൻ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ വേണം. ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഐ.എസ്.ഒ ലഭിച്ചശേഷമാണ്​ റെയിൽവേ മന്ത്രാലയത്തിനു കീഴിലെ റിസർച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ്സ്​ ഓർഗനൈസേഷന്റെ (ആർ.ഡി.എസ്.ഒ) അംഗീകാരം കൂടി ലഭിക്കണം. എങ്കിലേ മുമ്പ് ലഭിച്ച ഓർഡറുകൾ റെയിൽവേയിൽനിന്ന് ലഭിക്കൂ. ലഖ്​​നോയിലാണ് ആർ.ഡി.എസ്.ഒയുടെ ആസ്ഥാനം. ആർ.ഡി.എസ്.ഒയി​ൽ അപേക്ഷ നൽകിയതായും ബന്ധപ്പെട്ടവർ ബദ്രഡുക്കയിലെ കമ്പനിയിലെത്തി പരിശോധന നടത്തിയശേഷം റെയിൽവേയുടെ ഓർഡറുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെൽ ഇ.എം.എൽ അധികൃതർ പറഞ്ഞു. പ്രതിരോധമേഖലയിലേക്ക് ആവശ്യമായ ഉപകരണങ്ങളും കെല്ലിൽനിന്ന് നേരത്തേ നൽകിയിട്ടുണ്ട്. നേപ്പാളിലേക്കും ആൾട്ടർനേറ്ററുകൾ നൽകിയിട്ടുണ്ട്. ഇതെല്ലാം വീണ്ടും ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ ആൾട്ടർനേറ്ററുകൾ കെൽ വഴിയാകും ഇനി വിതരണം ചെയ്യുക. ഇതിനായി തദ്ദേശ വകുപ്പ് ഉടൻ ഉത്തരവിറക്കിയേക്കും. സംസ്ഥാനത്തെ വിവിധ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് വേണ്ട ജനറേറ്ററുകളും കെൽ വഴി ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഇതിനുള്ള പേപ്പർ ജോലികളും നടക്കുന്നു. ഏപ്രിൽ ഒന്നിന് കമ്പനി തുറന്നെങ്കിലും ഉൽപാദനം തുടങ്ങിയെങ്കിലേ 114 ജീവനക്കാർക്കും ശമ്പളം ഉൾ​െപ്പടെയുള്ള കാര്യങ്ങൾ നൽകാൻ കഴിയൂ. 2020മുതൽ പൂട്ടിക്കിടന്ന കമ്പനിയായതിനാൽ പഴയ ജോലികൾ പുനഃസ്ഥാപിക്കുകയാണ് കെൽ മാനേജ്മെന്റിന്റെ പ്രാഥമിക ലക്ഷ്യം. വ്യവസായവകുപ്പിന്റെ മേൽനോട്ടത്തിലാണ് ഇത്തരം പ്രവൃത്തികൾ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.