ഓലാട്ട്, കാന്തലോട്ട് കോളനികളുടെ നവീകരണത്തിന്​ രണ്ടുകോടിയുടെ ഭരണാനുമതി

കാസർകോട്: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഓലാട്ട്, കാന്തലോട്ട് തെക്കു-വടക്ക് കോളനികളുടെ നവീകരണത്തിനായി രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ. അറിയിച്ചു. കോളനികളുടെ നിർമാണ ചുമതല ജില്ല നിര്‍മിതി കേന്ദ്രത്തിന് നല്‍കിക്കൊണ്ടും തിരഞ്ഞെടുത്ത കോളനികള്‍ക്ക് അനുവദിച്ച തുകയുടെ 20 ശതമാനം തുകയായ 20 ലക്ഷം രൂപ വീതം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിക്കുന്നതിനായി ജില്ല പട്ടികജാതി വികസന ഓഫിസര്‍മാര്‍ക്ക് അലോട്‌മെന്റ് നല്‍കിക്കൊണ്ടും സര്‍ക്കാര്‍ ഉത്തരവായി. കോളനികളിലേക്കുള്ള റോഡ്, നടപ്പാത, ഡ്രെയ്നേജ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങള്‍, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങള്‍, കോളനികളിലെ പൊതുസ്ഥലങ്ങളിലും വീടുകളിലും ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ മെയിന്‍റനന്‍സ്, പൊതുവായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സംരക്ഷണഭിത്തി നിർമാണം, വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവ ഈ പദ്ധതി വഴി ഏറ്റെടുത്ത് നടത്താം. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും മുമ്പ് നിർമിച്ച റോഡുകള്‍ മാത്രമേ പുനരുദ്ധാരണത്തിനായി ഏറ്റെടുക്കാന്‍ പാടുള്ളൂ. പദ്ധതി നിര്‍വഹണത്തിനായി സ്ഥലം വിട്ടുകിട്ടേണ്ട പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ ലഭ്യമായ ശേഷം മാത്രമേ പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. ഇതിന്‍റെ പ്രോജക്ടും വിശദമായ എസ്റ്റിമേറ്റും എസ്റ്റിമേറ്റ് റിപ്പോര്‍ട്ടും ജില്ല ഓഫിസര്‍ ശിപാര്‍ശ ചെയ്ത് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കണം. ഡയറക്ടര്‍ അംഗീകാരം നല്‍കുന്ന മുറക്ക് പദ്ധതി അന്തിമമാക്കും. പദ്ധതി നിര്‍വഹണ ചുമതല ഏറ്റെടുത്ത തീയതിമുതല്‍ ഒരുമാസത്തിനകം എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി ലഭ്യമാക്കണം. മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തി കാസർകോട്​: പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ജില്ല ഓഫിസിന്‍റെ സഹകരണത്തോടെ ചെങ്കള സി.ഡി.എസിന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ഖാദര്‍ ബദരിയ അധ്യക്ഷത വഹിച്ചു. 48 അയല്‍ക്കൂട്ടങ്ങള്‍ക്കായി 2,26,50,000 രൂപ വിതരണം ചെയ്തു. കെ.എസ്.ബി.സി.ഡി.സി മാനേജിങ് ഡയറക്ടര്‍ എന്‍. ദേവിദാസ് അയല്‍ക്കുട്ടങ്ങള്‍ക്കുള്ള വായ്പ വിതരണം നടത്തി. കെ.എസ്.ബി.സി.ഡി.സി ജില്ല മാനേജര്‍ എന്‍.എം. മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസർകോട് ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, ചെങ്കള ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്രിയ, ചെങ്കള ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ സലിം ഇടനീര്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ അര്‍ഷിഫ അര്‍ഷാദ്, ചെങ്കള ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്സൻ ബീഫാത്തിമ, ചെങ്കള ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ സവിത, ഫരീദ അബൂബക്കര്‍, ഖൈറുന്നീസ, രാഘവേന്ദ്ര, ഖൈറുന്നീസ സുലൈമാന്‍, ഫാത്തിമത്ത് സര്‍ഫു ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു. കെ.എസ്.ബി.സി.ഡി.സി കാസർകോട് ജൂനിയര്‍ അസിസ്റ്റന്‍റ്​ അരവിന്ദ് രാജ് കോര്‍പറേഷന്‍റെ വിവിധ വായ്പ പദ്ധതികള്‍ സംബന്ധിച്ച് വിവരണം നല്‍കി. ചെങ്കള ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സൻ എസ്.സുനിത സ്വാഗതവും ചെങ്കള ഗ്രാമ പഞ്ചായത്ത് മെംബര്‍ സെക്രട്ടറി കെ.ജി. ഗീത നന്ദിയും പറഞ്ഞു. ഫോട്ടോ- ചെങ്കള സി.ഡി.എസിനുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.