ബസ്സമരത്തിനു തുടർച്ചയായെത്തിയ പണിമുടക്ക് ജനത്തെ ബന്ദിയാക്കി കാസർകോട്: സ്വകാര്യ ബസ്സമരത്തിനു തുടർച്ചയായെത്തിയ ദ്വിദിന ദേശീയ പണിമുടക്കിൽ പൊറുതി മുട്ടി ജനം. ബസ് പണിമുടക്ക് കാരണം ദുരിതത്തിലായ ജനത്തിനുമേൽ ഇടിത്തീയായാണ് ദേശീയ പണിമുടക്കു കൂടി അടിച്ചേൽപിച്ചത്. ഇതോടെ ആറുദിവസമാണ് ജനം പുറത്തിറങ്ങാനാവാതെ കുടുങ്ങിയത്. ബസ് ചാർജ് വർധന ആവശ്യപ്പെട്ട് മാർച്ച് 24നാണ് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം തുടങ്ങിയത്. ഞായറാഴ്ച പത്തരയോടെ സമരം പിൻവലിച്ചെങ്കിലും ഭൂരിപക്ഷം ബസുകളും ഓടിയില്ല. പിറ്റേന്ന് തിങ്കളാഴ്ച മുതൽ ദേശീയ പണിമുടക്കും. ആദ്യദിവസത്തെ അപേക്ഷിച്ച് ചൊവ്വാഴ്ച റോഡിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടിയെങ്കിലും സർക്കാർ ഓഫിസുകളും പൊതുഗതാഗതവും സ്തംഭിച്ചു. ഉച്ചയോടെ കടകൾ തുറക്കാൻ തുടങ്ങി. എന്നാൽ, കഴിഞ്ഞദിവസം ബലമായി അടപ്പിച്ച പുതിയ ബസ്സ്റ്റാൻഡിലെ ഹോട്ടൽ ഉൾപ്പടെയുള്ളവ തുറന്നില്ല. കടകൾ അടപ്പിക്കുകയോ റോഡിൽ തടസ്സം സൃഷ്ടിക്കുകയോ ഉണ്ടായില്ല. ജില്ലയിൽ ഒരിടത്തും അനിഷ്ട സംഭവവും ഉണ്ടായില്ല. അതേസമയം, സമരത്തിൽ പങ്കെടുക്കാത്ത ബി.എം.എസ് യൂനിയനിൽപെട്ട ജീവനക്കാർ രണ്ടു കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങി. യാത്രക്കാർ കുറവാണെങ്കിലും പണിമുടക്ക് ദിനത്തിൽ കൗതുക കാഴ്ചയായത്. ഡയസ്നോൺ തള്ളി ജീവനക്കാർ പണിമുടക്കിയാൽ ഡയസ്നോൺ ബാധകമാക്കുമെന്ന ഉത്തരവ് തള്ളി ജില്ലയിലെ ജീവനക്കാർ. ജില്ല ഭരണ സിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ ആകെയുള്ള 145 ജീവനക്കാരിൽ 17 പേർ മാത്രമാണ് ചൊവ്വാഴ്ച ഓഫിസിലെത്തിയത്. തലേന്ന് തിങ്കളാഴ്ച 13 പേർ എത്തിയ സ്ഥാനത്ത് കോടതി ഉത്തരവിട്ടിട്ടും അധികമായെത്തിയത് വെറും നാലുപേർ. സാമ്പത്തിക വർഷാവസാനമെത്തിയ അടച്ചിടൽ ജീവനക്കാർക്കും പ്രതിസന്ധിയായി. ഒട്ടേറെ ജോലികളാണ് മാർച്ച് 31നു മുമ്പ് തീർക്കേണ്ടത്. ബുധൻ, വ്യാഴം ദിവസങ്ങൾ മാത്രമാണ് ഇനി സാമ്പത്തിക വർഷം തീരാൻ ശേഷിക്കുന്നത്. ഈ വേളയിൽ സർക്കാർ ഓഫിസുകളിലെത്തുന്നവരെയും കാത്തിരിക്കുന്നത് ദുരിതം മാത്രമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.