നീലേശ്വരം കോവിലകംചിറയുടെ അരികിലെ റോഡ്
നീലേശ്വരം: ഇങ്ങനെ ഓരോ ദിവസവും കരയിടിഞ്ഞുവീണാൽ റോഡുതന്നെ വെള്ളത്തിലാകുമോ എന്ന് നാട്ടുകാർ ചോദിച്ചുതുടങ്ങി. കാരണം, ചിറയുടെ പടിഞ്ഞാറുഭാഗത്തെ റോഡരികാണ് അപകടകരമായരീതിയിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. നീലേശ്വരം നഗരമധ്യത്തിലുള്ള കോവിലകം ചിറയുടെ ഇന്നത്തെ അവസ്ഥയാണിത്. ചിറയുടെ സമീപത്തുകൂടി പോകുന്ന ഈ റോഡ് തകർച്ചയുടെ വക്കിലാണ്.
നീലേശ്വരം രാജകുടുംബത്തിന്റെ അധീനതയിലുള്ളതാണ് ചിറ. ചിറ സ്ഥിതിചെയ്യുന്ന റോഡരികിന് സംരക്ഷണമില്ലാത്തതിനാൽ ഇടിഞ്ഞ് തകരുകയാണ്. സംസ്ഥാന സർക്കാറിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ റിങ് റോഡ് ഒരു ലെയർ മെക്കാഡം ടാറിങ് ചെയ്തു. ഇനി ഒരു ലെയർ കൂടി ടാറിങ് നടത്തിയാൽ പൂർത്തിയാകും. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതും റോഡരിക് ഇടിയുന്നതും വൻ അപകട ഭീഷണിയുയർത്തുന്നുണ്ട്. മുമ്പ് ഓട്ടോ നിയന്ത്രണംവിട്ട് ചിറയിൽ വീണ സംഭവവുമുണ്ടായിട്ടുണ്ട്.
ചിറയുടെ ഭാഗം റോഡിന്റെ ഉയരത്തിൽ ഉയർത്തി ഭിത്തികെട്ടി സംരക്ഷിച്ചാൽ മാത്രമേ അപകടനില ഇല്ലാതാവുകയുള്ളൂ. നീലേശ്വരം രാജവംശത്തിന്റെ അധീനതയിലുള്ള കോവിലകംചിറ സംരക്ഷിക്കാൻ നഗരസഭ അധികൃതർ തയാറായെങ്കിലും കുടുംബം വിട്ടുകൊടുക്കാൻ തയാറായില്ല. പൂരോത്സവം നടക്കുമ്പോൾ തളിയിലപ്പന്റെയും മന്ദംപുറത്ത് ഭഗവതിയമ്മയുടെയും ആറാട്ട് നടക്കുന്നത് ഈ കോവിലകം ചിറയിലാണ്. മുമ്പ് നാട്ടുകാർ ചിറ സംരക്ഷിക്കാൻ കമ്മിറ്റി രൂപവത്കരിച്ച് നടത്തിയ പ്രവർത്തനങ്ങളും എങ്ങുമെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.