കെ-റെയിലിനെതിരെ ബി.ജെ.പി പിന്തുണയോടെ നഗരസഭ പ്രമേയം

കാസര്‍കോട്: കെ-റെയില്‍ പദ്ധതി നടപ്പാക്കരുതെന്ന്​ ആവശ്യപ്പെട്ട്​ കാസർകോട്​ നഗരസഭയിൽ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ്​ പ്രമേയം. മുസ്​ലിം ലീഗിന്​ വൻ മേധാവിത്വമുള്ള നഗരസഭയിൽ ബി.ജെ.പിയിലെ ഒരംഗം ഒഴികെ 12 പേർ പിന്തുണച്ചു. ഒരംഗം നിഷ്പക്ഷത പാലിച്ചു. നഗരസഭ 01, 02, 29, 30, 31, 34, 35 വാര്‍ഡുകളിലൂടെയാണ്​ നിർദിഷ്ട കെ. റെയിൽ കടന്നുപോകുന്നത്​. വീടുകളും കെട്ടിടങ്ങളും ഉൾപ്പെടുന്ന മേഖലയാണിതെന്നും മുസ്‍ലിംലീഗിലെ മുഹമ്മദ് കുഞ്ഞി തായലങ്ങാടി അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. ആയിരക്കണക്കിന് വീടുകളും വയലുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന്​ പ്രമേയത്തിൽ കൂടി ആവശ്യപ്പെട്ടു. ചെയർമാൻ അഡ്വ.വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. പ്രമേയത്തെ എം.എസ്. സക്കറിയ പിന്താങ്ങി. യു.ഡി.എഫിലെ മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ബി.ജെ.പി. അംഗങ്ങളില്‍ പി. രമേശ് ഒഴികെയുള്ളവര്‍ കൈ ഉയര്‍ത്തി പ്രമേയത്തെ അനുകൂലിച്ചു. ബി.ജെ.പിയിലെ വിമത വിഭാഗത്തിലാണ്​ സംസ്ഥാന കൗൺസിൽ അംഗം കൂടിയായിരുന്ന രമേശ്​ ഇപ്പോൾ. കൈ ഉയര്‍ത്തി പ്രമേയത്തിന് വോട്ട്​ രേഖപ്പെടുത്താൻ പി. രമേശ് നിന്നില്ല. പ്രമേയത്തെ സി.പി.എം അംഗങ്ങളും ലീഗ്​ വിമത അംഗങ്ങളും എതിര്‍ത്തു. എം.ലളിത, ഹസീന നൗഷാദ്, സക്കീന മൊയ്തീന്‍ എന്നിവരാണ്​ പ്രമേയത്തെ എതിര്‍ത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.