ശുചിത്വ മാലിന്യ സംസ്‌കരണത്തിനും ടൂറിസം മേഖലക്കും മുന്‍തൂക്കം

അജാനൂർ: ശുചിത്വ-മാലിന്യ സംസ്‌കരണത്തിന് മുന്‍തൂക്കം നല്‍കി അജാനൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ. സബീഷ് അവതരിപ്പിച്ചു. ശുചിത്വ - മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 51,00,000 രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഗാര്‍ഹികതലത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചികള്‍ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിനായി 500000 രൂപ അനുവദിച്ചു. ദ്രവമാലിന്യ സംസ്‌കരണത്തിനായി സോക്കേജ് പിറ്റുകള്‍, ചെറുകിട സെപ്‌റ്റേജ് സ്വീവേജ് ട്രീറ്റ്‌മെന്‍റ്​ പ്ലാന്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് 3,50,000 രൂപ നീക്കിവെച്ചു. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ജില്ലയുടെ തന്നെ ഏറ്റവും മികച്ച ഹരിത കര്‍മസേനയെ വാര്‍ത്തെടുക്കുന്നതിനായി ഹരിത കര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്ക് 10,00,000 രൂപ നീക്കിവെച്ചു. ഹരിത കര്‍മസേന ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ ശേഖരിച്ചുവെക്കുന്നതിന് കൂടുതല്‍ മിനി എം.സി.എഫുകളും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതിനും 25 ലക്ഷം രൂപയും വകയിരുത്തി. എം.സി.എഫിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍, ചുറ്റുമതില്‍ നിർമാണം, സി.സി.ടി.വി കാമറകളുടെ സ്ഥാപനം, എം.സി.എഫിന്‍റെ സമീപത്തായി ഉദ്യാന നിർമാണം എന്നിവക്ക് 15,00,000 രൂപ നീക്കിവെച്ചു. ശുചിത്വ പരിപാടികളുടെ ഭാഗമായി ചിത്താരി പാലം മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെയുള്ള സംസ്ഥാന പാതയുടെ ശുചീകരണത്തിനായി 3,00,000 രൂപ ബജറ്റില്‍ വകയിരുത്തി. പൂത്താലിക്കുളം സംരക്ഷണത്തിനും ശുചീകരണത്തിനുമായി 2,50,000 രൂപയും വകയിരുത്തി. ടൂറിസം മേഖലയുടെ വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ടുലക്ഷം രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. പഞ്ചായത്തിലെ അടോട്ട്, വെള്ളായി, രാവണേശ്വരം വയലുകളിലെ പക്ഷിസങ്കേതങ്ങളുടെ വികസനത്തിനായും പക്ഷിനിരീക്ഷണം സംബന്ധിച്ച പഠനങ്ങള്‍ക്കായും 1,00,000 രൂപ നീക്കിവെച്ചു. ചിത്താരിപ്പുഴയുടെ സംരക്ഷണത്തിനായി 2,00,000 രൂപ വകയിരുത്തി. സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുന്നതിനായി 400000 രൂപ മാറ്റിവെച്ചു. ഡയാലിസിസ് രോഗികള്‍ക്ക് പ്രതിമാസം 4000 രൂപ വരെ ധനസഹായം അനുവദിക്കുന്നതിനായി 15,00,000 രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആയുര്‍വേദ ഡസ്‍പെന്‍സറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് 5,00,0000 രൂപ വകയിരുത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ നയപ്രഖ്യാപന പ്രസംഗം നടത്തി. കെ. മീന (വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ), കൃഷ്ണന്‍ മാസ്റ്റര്‍ (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), ഷീബ ഉമ്മര്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ) എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.