കരിക്കുലം കമ്മിറ്റിയില്‍ ഹയർ സെക്കൻഡറി സംഘടനകളെ തഴഞ്ഞെന്ന്​ ആക്ഷേപം

കാസർകോട്​: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട്​ എസ്.സി.ഇ.ആര്‍.ടി രൂപവത്​കരിച്ച കരിക്കുലം കമ്മിറ്റിയില്‍ ഹയര്‍ സെക്കൻഡറി അധ്യാപക സംഘടനകളെ തഴഞ്ഞെന്ന്​ ആക്ഷേപം. ഹയര്‍ സെക്കൻഡറിക്ക്​ ഒരു പ്രാധാന്യവും നൽകാത്ത രീതിയിലാണ് കരിക്കുലം കമ്മിറ്റിയെ നാമനിർദേശം ചെയ്​തതെന്നാണ്​ പ്രധാന പരാതി. ഇടതുപക്ഷ സഹയാത്രികരെ തിരുകിക്കയറ്റാനുള്ള വെറും ഒരു ജംബോ കമ്മിറ്റി മാത്രമാണ് നിലവിലുള്ള കരിക്കുലം കമ്മിറ്റിയെന്ന്​ എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. സംഘ്പരിവാര്‍ സംഘടനകളെപ്പോലും കമ്മിറ്റികള്‍ ഉള്‍പ്പെടുത്തിയ ഇടതു സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി മേഖലയിലെ പ്രബലമായ അധ്യാപക സംഘടനകളെ ഒഴിവാക്കി ഈ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഹയര്‍ സെക്കൻഡറിയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ പിന്നില്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു പറ്റം സ്വാശ്രയ വിദ്യാഭ്യാസ ലോബികളാണെന്നും ഇവർ പറഞ്ഞു. ഹയര്‍ സെക്കൻഡറി മേഖലയെ തകര്‍ക്കാനുള്ള എല്ലാ നീക്കത്തെയും ചെറുത്തു തോൽപിക്കുമെന്നും എ.എച്ച്.എസ്.ടി.എ മുന്നറിയിപ്പ്​ നൽകി. ജില്ല പ്രസിഡൻറ് സുനിൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്​ പ്രസിഡൻറ് ജിജി തോമസ്, ജില്ല ജന. സെക്രട്ടറി എ.ബി. അൻവർ, ട്രഷറർ ബാലകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രവീൺകുമാർ, പി.വി.ടി. രാജീവ്, സുബിൻ ജോസ്, പ്രിൻസിപ്പൽ ഫോറം ചെയർമാൻ മെജോ ജോസഫ്, കൺവീനർ ഡോ. സുകുമാരൻ നായർ, വനിത ഫോറം ചെയർപേഴ്​സൻ പ്രേമലത, കൺവീനർ സി.പി. ശ്രീജ എന്നിവർ യോഗത്തിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.