വഖഫ്​ ഭൂമിക്ക് പകരംതരാൻ 'പരിശോധിച്ച്​' കുഴങ്ങി സർക്കാർ

ടാറ്റ കോവിഡ്​ ആശുപത്രി നിർമിക്കാൻ വഖഫ്​ ഭൂമി കൈമാറി രണ്ടുവർഷമാവാറായിട്ടും പകരം ഭൂമി പരിശോധിക്കുകയാണെന്ന്​ മന്ത്രി കാസർകോട്​: ചട്ടഞ്ചാലിലെ ടാറ്റ കോവിഡ്​ ആശുപത്രിക്ക്​ വിട്ടുകൊടുത്ത വഖഫ്​ ഭൂമിക്ക് പകരം നൽകുന്ന കാര്യത്തിൽ മലബാർ ഇസ്​ലാമിക്​ ​കോംപ്ലക്​സ്​ അസോസിയേഷ​നെ വീണ്ടും കബളിപ്പിച്ച്​ സർക്കാർ. പകരം ഭൂമി നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചുവരുകയാണെന്ന്​ വഖഫ്​ മന്ത്രി വി. അബ്​ദുറഹ്​മാൻ. നിയമസഭയിൽ എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എയുടെ ചോദ്യത്തിനാണ്​ മന്ത്രിയുടെ മറുപടി. വഖഫ്​ ഭൂമി കൈമാറിയതിനു പിറ്റേന്നുതന്നെ, പകരം ഭൂമി നൽകാമെന്ന്​ കരാറുണ്ടാക്കി രണ്ടുവർഷമാവാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്​ മന്ത്രിയുടെ ഇത്തരമൊരു നിലപാട്​. വഖഫ്​ ഭൂമിയോട്​ ചേർന്നുള്ള റവന്യൂ ഭൂമി കാണിച്ചുതന്ന് 'ഇത്​ നിങ്ങൾക്കുള്ളതാണ്​ എന്ന്​' അന്നത്തെ ജില്ല കലക്ടർ, തഹസിൽദാർ തുടങ്ങി എല്ലാവരും നൽകിയ ഉറപ്പാണ്​ എങ്ങുമെത്താതെ കിടക്കുന്നത്​. പൊതു ആവശ്യമെന്ന പേരിൽ​ വഖഫ്​ ഭൂമി സ്വന്തമാക്കി രണ്ടുവർഷത്തോളമായിട്ടും പകരം ഭൂമിയുടെ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാൻ സർക്കാറിനായില്ല. കരാർ വ്യവസ്ഥ ലംഘിച്ചതിന്​ വഖഫ്​ ഭൂമി തിരിച്ചുപിടിക്കാൻ വഖഫ്​ ബോർഡ്​ തീരുമാനിച്ചിട്ട്​ മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാറിന്​ കുലുക്കമൊന്നുമില്ല. തെക്കിൽ വില്ലേജിലെ സർവേ 276/1​ എ, 277/1എ എന്നീ നമ്പറുകളിലെ 4.12 ഏക്കർ ഭൂമിയാണ്​ കോവിഡ്​ ആശുപത്രി നിർമിക്കുന്നതിനായി ടാറ്റക്ക്​ വിട്ടുകൊടുത്തത്​. ​കേരള ലാൻഡ്​ അസസ്​മെന്‍റ്​ റൂൾസ്​ 24 പ്രകാരം പകരം ഭൂമി നൽകാമെന്ന കരാറിലാണ്​ സമസ്​ത കേരള ജംഇയ്യതുൽ ഉലമയുടെ കീഴിലെ ചട്ടഞ്ചാൽ മലബാർ ഇസ്​ലാമിക്​ ​കോംപ്ലക്​സ്​ അസോസിയേഷന്‍റെ ഉടമസ്​ഥതയിലുള്ള ഭൂമി നൽകിയത്​. പകരം തെക്കിൽ വില്ലേജിലെ 267/2ബി, 1ബി, 266/1, 276/1എ, 277/1എന്നീ നമ്പറുകളിലായി സ്ഥിതി ചെയ്യുന്ന അത്രയും ഭൂമി നൽകുമെന്നാണ്​ അന്നത്തെ ജില്ല കലക്ടർ ഡി. സജിത്ത്​ ബാബുവും മലബാർ ഇസ്​ലാമിക്​ കോംപ്ലക്​സ്​ അസോസിയേഷൻ പ്രസിഡൻറുകൂടിയായ സമസ്​ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഹമ്മദ്​ ജിഫ്രി മുത്തുകോയ തങ്ങളുമായുണ്ടാക്കിയ കരാർ​. വഖഫ്​ നിയമപ്രകാരം വഖഫ്​ സ്വത്തുക്കൾ വിൽക്കാനോ കൈമാറാനോ ദാനം ചെയ്യാനോ പണയപ്പെടുത്താനോ പാടില്ല. എന്നാൽ, പൊതു ആവശ്യത്തിന്​ പകരം നൽകാമെന്ന വ്യവസ്ഥയിൽ വഖഫ്​ ഭൂമി സർക്കാറിന്​ ഏറ്റെടുക്കാം. വഖഫ്​ ബോർഡുമായി ആലോചിച്ച്​ വേണമെന്നാണ്​ നിയമം. ഈയൊരു ചട്ടത്തിൽ കയറിപ്പിടിച്ച്​ ഭീഷണിപ്പെടുത്തിയാണ്​ അന്നത്തെ കലക്ടർ വഖഫ്​ ഭൂമി സ്വന്തമാക്കിയത്​. tata covid hospital 2 വഖഫ്​ ഭൂമിയിലെ ടാറ്റ കോവിഡ്​ ആശുപത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.