വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് തുടക്കം

ചെറുവത്തൂർ: ചങ്ങാത്തം ചോദിച്ച് വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് തുടക്കമായി. വടക്കിന്‍റെ പൂരത്തിന് ആരവമുയത്തി നെല്ലിക്കാതുരുത്തി കഴകം ഭഗവതി ക്ഷേത്രപരിധിയിലാണ് ചങ്ങാത്തം ചോദിക്കൽ നടന്നത്. പൂരക്കാലത്തെ സവിശേഷമായ കാഴ്ചയാണ് ചങ്ങാത്തം ചോദിക്കൽ. മയ്യിച്ച -വെങ്ങാട്ട് ഭഗവതിക്ഷേത്രം, നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതിക്ഷേത്രം തുടങ്ങിയ അപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണ് ഈ ചടങ്ങ് നടക്കുന്നത്. പന്തലിൽ തൊഴുത് പൂരക്കളി കളിച്ച് ആർപ്പുവിളികളോടെ ചെറുസംഘങ്ങളായാണ് വീടുകളിലേക്ക് ചങ്ങാത്തം ചോദിച്ചിറങ്ങുന്നത്. വ്രതശുദ്ധിയോടെയിറങ്ങുന്ന വാല്യക്കാരെ പ്രത്യേക ഭക്ഷണമൊരുക്കി വീട്ടുകാർ സ്വീകരിക്കും. കാച്ചിയ വെളിച്ചെണ്ണയും ഇവർക്കായി കരുതിവെക്കും. നിലയെത്താത്ത പുഴയും തോടും നീന്തിക്കടന്നാണ് വാല്യക്കാർ വീടുകളിലെത്തുന്നത്. വീടുകളിൽ കയറിയിറങ്ങി സന്ധ്യമയങ്ങുന്നതിനുമുമ്പ‌് കളിപ്പന്തലിൽ തിരിച്ചെത്തും. തുടർന്ന് പൂരക്കളി തൊഴുത് ദീപവും കണ്ട് വണങ്ങി അവരവരുടെ വീടുകളിലേക്ക് മടങ്ങുന്നതാണ് ചടങ്ങ‌്. തിങ്കളാഴ്ച തെക്കരുടെ ഭാഗത്താണ് ഈ ചടങ്ങ് നടന്നത്. ഇന്ന് വടക്കരുടെ ഭാഗത്തുനിന്നും നടക്കും. ക്ഷേത്രപരിധിയിലെ 4500 വീടുകളിൽ ഈ സംഘങ്ങൾ കയറിയിറങ്ങി പൂരത്തിന്റെ വരവറിയിക്കും. ഏതെങ്കിലും വീട് ഒഴിഞ്ഞെന്ന പരാതിയുണ്ടായാൽ പോയ സംഘം ക്ഷേത്രത്തിൽ പിഴയൊടുക്കുകയും വേണം. പൂരോത്സവ വരവ് അറിയിക്കലാണ് ചങ്ങാത്തം ചോദിക്കലിലൂടെ ലക്ഷ്യമിടുന്നത്. ഒരുമാസം പൂരോത്സവം നടക്കുന്ന പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം എന്നിവിടങ്ങളിൽ പൂരോത്സവം നേരത്തേ തുടങ്ങി. പിലിക്കോട് രയരമംഗലത്ത് കാർത്തിക വിളക്ക് മഹോത്സവം ഇന്ന് നടക്കും. ഉത്സവ ഭാഗമായി പത്മശാലിയ പൊറാട്ടും നടക്കും. പടം:പൂരോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ചങ്ങാത്തം ചോദിക്കൽ ചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.