എൽ.ഡി.എഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ ബാർ അസോസിയേഷനിൽ വോട്ടഭ്യർഥിക്കാനെത്തിയപ്പോൾ, യു.ഡി.എഫ് സ്ഥാനാർഥി ഷൈജി ഓട്ടപ്പള്ളി, എൻ.ഡി.എ സ്ഥാനാർഥി എം. ബൽരാജ് തെരഞ്ഞെടുപ്പ്
പ്രചാരണത്തിൽ
പ്രഭാതസവാരിയിൽ
കാഞ്ഞങ്ങാട്: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ കാഞ്ഞങ്ങാട് ഒഴികെ നാലിനും ചില പ്രത്യേകതകളുണ്ട്. മഞ്ചേശ്വരത്ത് തൃകോണ മത്സരം. കാസർകോട് ഷാനവാസ് പാദൂർ എന്ത് സ്വാധീനം ചെലുത്തും എന്ന ചോദ്യം. തദ്ദേശത്തിൽ യു.ഡി.എഫിലേക്ക് ചാഞ്ഞ ഉദുമയിൽ എന്താകും. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ സാന്നിധ്യം എന്നിങ്ങനെ പോകുന്നു. കാഞ്ഞങ്ങാട് സമാധാനപരമായ അന്തരീക്ഷമാണ്. മൂന്ന് സ്ഥാനാർഥികളും അവരുടെ വഴിയിൽ സമാധാനപരമായ പ്രചാരണത്തിൽ. ലളിത ജീവിതത്തിലൂടെ, രാഷ്ട്രീയത്തിനതീതമായ സൗഹൃദത്തിനുടമയായ എൽ.ഡി.എഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ ചിട്ടയായ പര്യടനത്തിലൂടെ മുന്നേറുന്നു. മണ്ഡലം നിലനിർത്തുക, ഭൂരിപക്ഷം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇടതു മുന്നണി സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ.
ഗോവിന്ദന്റെ സമീപന രീതികൾപോലെ ശാന്തമാണ് യു.ഡി.എഫ് സ്ഥാനാർഥി ഷൈജി ഓട്ടപ്പള്ളിയുടേതും. കോട്ടയംകാരനായ ഷൈജി ഇതിനകം മണ്ഡലം പരമാവധി നടന്നുതീർത്തു. ഇടതിന്റെ കാലാകാലങ്ങളിലുള്ള വിജയത്തിന് വിരാമമിടാനാകുമോയെന്ന പരിശ്രമത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ഷൈജി ഓട്ടപ്പള്ളി. എൻ.ഡി.എ സ്ഥാനാർഥി എം. ബലരാജും മണ്ഡലത്തിൽ കടുത്ത പ്രചാരണത്തിലാണ്. മണ്ഡലത്തിൽ ആകെ വോട്ട് 2,23,980, 2021ൽ 2,09,571, പുരുഷന്മാര്‍ 1,09,008, സ്ത്രീകള്‍ 1,14,966, ട്രാന്‍സ്‌ജെന്‍ഡര്‍ 6, പുതിയ വോട്ടർമാർ 13273. വോട്ടുകളുടെ കണക്കെടുത്താല്‍ കാഞ്ഞങ്ങാട്, അജാനൂര്‍, പനത്തടി എന്നിവിടങ്ങളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. മടിക്കൈ, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിനും കള്ളാറിലും ബളാലിലും യു.ഡി.എഫിനും വ്യക്തമായ മുന്‍തൂക്കമുണ്ട്. നിലവില്‍ യു.ഡി.എഫിന് ഭരണമുള്ളത് കള്ളാറിലും ബളാലിലും മാത്രമാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ഇ. ചന്ദ്രശേഖരന്‍ 27,139 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്ന് ജയിച്ചത്. ഇ. ചന്ദ്രശേഖരന്‍ 84,615 വോട്ടുകളും യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പി.വി. സുരേഷ് 57,476 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥി എം. ബലരാജ് 21,570 വോട്ടുകളുമാണ് അന്ന് നേടിയത്. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മണ്ഡലത്തിൽ 2050 വോട്ടുകളുടെ ലീഡ് നേടിയിരുന്നു. അതുകഴിഞ്ഞ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 14,915 വോട്ടുകളുടെ ഭൂരിപക്ഷം എല്‍.ഡി.എഫിനുണ്ട്. ചരിത്രം നോക്കിയാല്‍ സമീപകാലത്ത് ഒരേയൊരു തവണയാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ യു.ഡി.എഫ് ജയിച്ചിട്ടുള്ളത്. 1987ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്നത്തെ വിജയം. ജനകീയ പ്രതിച്ഛായയുമായാണ് ഗോവിന്ദന്‍ പള്ളിക്കാപ്പിൽ അങ്കത്തട്ടിലുള്ളത്.
സി.പി.ഐ നേതാവും മുന്‍ റവന്യൂമന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ 15 വര്‍ഷമായി പ്രതിനിധാനംചെയ്യുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എല്‍.ഡി.എഫ് ഇത്തവണ രംഗത്തിറക്കിയത് സി.പി.ഐ മുന്‍ ജില്ല സെക്രട്ടറിയും ദേശീയ കൗണ്‍സില്‍ അംഗവുമായ ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെയാണ്. കാഞ്ഞങ്ങാട് നഗരമേഖലയോടു ചേര്‍ന്നുകിടക്കുന്ന അജാനൂര്‍ പഞ്ചായത്തില്‍നിന്നുള്ളയാളാണ് ഗോവിന്ദന്‍. മണ്ഡലംകാരനായ ഒരാൾ എൽ.ഡി.എഫിൽനിന്നുണ്ടാകുന്നത് ആദ്യമായാണ്. ഗോവിന്ദന്റെ ജനകീയ പ്രതിച്ഛായ എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
മലയോര വോട്ടുകളിലാണ് ഷൈജി ഓട്ടപ്പള്ളി കൂടുതലായി പ്രതീക്ഷവെക്കുന്നത്. ഒപ്പം തീരദേശത്തെ നഗരമേഖലയില്‍ പ്രചാരണം ശക്തമാക്കുന്നു. മലയോര കാര്‍ഷിക മേഖലകളിലേക്ക് വ്യാപിച്ചുകിടക്കുന്നതാണ് കാഞ്ഞങ്ങാട് മണ്ഡലം. മൂന്നു മുന്നണികളും മലയോരമേഖലയില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത് വിരളമാണെന്ന പരാതി ഏറെനാളായി മലയോരത്തിനുണ്ട്. ഇത്തവണ മലയോര കര്‍ഷകരുടെ മനസ്സും വികാരവും ഉള്‍ക്കൊള്ളാന്‍ കഴിയുന്നൊരു സ്ഥാനാര്‍ഥിയെയാണ് രംഗത്തിറക്കിയതെന്ന് യു.ഡി.എഫ് പറയുന്നു. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഷൈജി ഓട്ടപ്പള്ളി കോട്ടയം കൈപ്പുഴ സ്വദേശിയാണെങ്കിലും സാമൂഹികപ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിലെ നല്ലൊരു ശതമാനം വോട്ടര്‍മാര്‍ക്ക് പരിചിതനാണെന്ന് നേതാക്കൾ പറയുന്നു. ഷൈജിയുടെയും കേരള കോൺഗ്രസിന്റെയും സ്ഥാനാര്‍ഥിത്വത്തിലൂടെ ലഭിക്കുന്ന മലയോര വോട്ടുകളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
ഉറച്ച പാർട്ടി വോട്ടിലും യു.ഡി.എഫ്, എൽ.ഡി.എഫ് വിരുദ്ധ വോട്ടിലുമാണ് തുടര്‍ച്ചയായി ബലരാജ് രണ്ടാംവട്ടമായി മത്സരരംഗത്തിറങ്ങുന്നത്. എം. ബലരാജ് ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റും വ്യവസായിയും കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുമാണ്. പിതാവിന്റെ കാലം മുതല്‍ തുടങ്ങിയ ദശാബ്ദങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലുടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തിബന്ധങ്ങൾ വോട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മലയോര മേഖലയിലെ ന്യൂനപക്ഷ വോട്ടിലാണ് ഷൈജിയുടെ പ്രതീക്ഷ കൂടുതൽ. എന്നാൽ, തീരാദേശത്തെ വോട്ടുകൾ മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതലായി ലഭിക്കുമെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ പ്രതീക്ഷിക്കുന്നു. ജില്ലയിലെ ഉറച്ച ഇടത് രാഷ്ട്രീയ മണ്ഡലമാണ് കാഞ്ഞങ്ങാട്. 36,000ൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ. ചന്ദ്രശേഖരന്റെ ആദ്യ വിജയം. ഏറ്റവും ഒടുവിൽ കഴിഞ്ഞതവണ 27,139 ആയിരുന്നു. പുതിയ വോട്ടർമാരുടെ എണ്ണം ഇരട്ടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലംമറിഞ്ഞിരുന്നുവെന്നത് യു.ഡി.എഫിനുള്ള പ്രതീക്ഷയാണ്. 14,000ഓളം വോട്ടർമാർ വർധിച്ചു. യു.ഡി.എഫ് വലുതായി അധ്വാനിക്കേണ്ട മണ്ഡലമാണ് കാഞ്ഞങ്ങാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.