എ.കെ.ജിയുടെ നിഴലും പാരമ്പര്യവും ഇനി സി.പി.എം നേതൃനിരയിലില്ല

പി. കരുണാകരൻ ക്ഷണിതാവാകും കാസർകോട്​: എ.കെ.ജിയുടെ നിഴലായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായും പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനത്തേക്കുമെത്തിയ പി. കരുണാകരന്​ പടിയിറക്കം. സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഇനി ക്ഷണിതാവായി തുടരാം. കാസർകോട്​ ജില്ല രൂപവത്​കൃതമായശേഷം സി.പി.എമ്മിന്‍റെ ഉയർന്ന പദവിയിലെത്തിയ ഏക ​നേതാവ്​ പി. കരുണാകരനായിരുന്നു. പാർട്ടിയിൽ ബിരുദാനന്തര ബിരുദമുള്ള ചുരുക്കം നേതാക്കളിലൊരാൾ. വളരെ ചെറുപ്പം മുതൽ കമ്യൂണിസ്റ്റു പാർട്ടിയുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ച പി. കരുണാകരൻ എ.കെ.ജിയുടെ മകൾ ലൈലയെയാണ്​ വിവാഹം കഴിച്ചത്​. ഇതോടെ സി.പി.എം നേതൃനിരയിൽ എ.കെ.ജിയുടെ നിഴലും പാരമ്പര്യവും പി. കരുണാകരനായി. ഒരിക്കലും ആ പേരിനു ദോഷമുണ്ടാക്കുന്ന വിവാദങ്ങളിൽ കരുണാകരൻ ഉണ്ടായിരുന്നില്ല. വേറിട്ട ശബ്​ദം ഉയർത്താതെ, പാർട്ടിയുടെ കൂടെയും അവർക്ക്​ വഴങ്ങിയും കരുണാകരൻ നിന്നു. തൃക്കരിപ്പൂരിൽനിന്ന് ഒരുതവണ മത്സരിച്ച്​ എം.എൽ.എയായ കരുണാകരൻ പാർട്ടി പത്രത്തിന്‍റെ ജനറൽ മാനേജറായിരുന്നിട്ടുണ്ട്​ ഏറെനാൾ. പിന്നാലെയാണ്​ കാസർകോട്​ പാർലമെന്‍റിൽ സ്ഥാനാർഥിയാകുന്നത്​. 2019 വരെ 15 വർഷം പാർലമെന്‍റിനെ പ്രതിനിധാനംചെയ്ത പി. കരുണാകരൻ സി.പി.എം ഏറ്റവും ദുർബലമായ സാഹചര്യത്തിൽ പാർലമെന്‍റിൽ പാർട്ടിയുടെ ശബ്​ദമായി. പാർലമെന്‍ററി പാർട്ടി നേതാവും ഉപനേതാവുമായിരുന്നു. ഇദ്ദേഹത്തെ നിയമസഭയിലേക്ക്​ മത്സരിപ്പിച്ച്​ മന്ത്രിയാക്കണമെന്ന ആവശ്യം പലതവണ ഉയർന്നിരുന്നുവെങ്കിലും നടന്നില്ല. കാസർകോട്​ ജില്ലയുടെ പിന്നാക്കാവസ്ഥയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്​ കരുണാകരനു കഴിഞ്ഞു. എൻഡോസൾഫാൻ വിഷയത്തിലും അദ്ദേഹം ഇടപെട്ടു. എന്നാൽ, കരുണാകരനുശേഷം കാസർകോട്​ ജില്ലയിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക്​ ആളില്ലാതെ പോയത്​ ജില്ലയിലെ സി.പി.എമ്മിനു ക്ഷീണമായി. കെ.പി. സതീഷ്​ ചന്ദ്രൻ സെക്രട്ടേറിയറ്റിലേക്ക്​ എത്തുമെന്ന്​ കരുതിയിരുന്നുവെങ്കിലും നടന്നില്ല. മറിച്ച്​ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ എണ്ണം കാസർകോട്​ ജില്ലക്ക്​ കുറയുകയായിരുന്നു. -രവീന്ദ്രൻ രാവണേശ്വരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.