സി.പി.എമ്മിനു നഷ്​ടം; പുതിയ അച്ചുതണ്ട്​ രൂപപ്പെടും

കാസർകോട്​: സി.പി.എം സംസ്​ഥാന സമ്മേളനം കഴിഞ്ഞപ്പോൾ ജില്ലയിലെ നേതൃത്വത്തിന് വൻ നഷ്​ടം. സംസ്​ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും സ്വാധീനമുറപ്പിക്കാൻ ജില്ല നേതൃത്വത്തിനു കഴിഞ്ഞില്ല. അന്തരിച്ച സി.പി.എം നേതാവ്​ എം. രാമണ്ണറൈ ആരോപിച്ചതുപോലെ കാസർകോട്​ ജില്ല കമ്മിറ്റി, കണ്ണൂർ ജില്ല കമ്മിറ്റിയുടെ ബ്രാഞ്ച്​ എന്നത്​​ അന്വർഥമാക്കും വിധമായി കാസർകോട്​ ജില്ലയുടെ സി.പി.എം നേതൃത്വത്തി​ന്റെ അവസ്​ഥ. പത്ത് വർഷത്തോളമായി കെ.പി. സതീഷ്​ ചന്ദ്രൻ സി.പി.എം സംസ്​ഥാന സമിതിയിൽ. സതീഷ്​ ചന്ദ്രൻ സെക്രട്ടേറിയറ്റിലേക്ക്​ ഉയർന്നുവരേണ്ട സമയം കഴിഞ്ഞു. ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കാൻ സംസ്​ഥാന സമ്മേളനത്തിൽ പ​ങ്കെടുത്ത ജില്ലയിൽ നിന്നുള്ള സി.പി.എം പ്രതിനിധികൾക്കും സംസ്​ഥാന സമിതിയംഗങ്ങൾക്കും കഴിഞ്ഞില്ല. കേന്ദ്ര കമ്മിറ്റിയംഗമായ പി. കരുണാകരൻ അതിനു ശ്രമിച്ചതുമില്ല. ആനത്തലവട്ടം ആനന്ദനുപകരം തിരുവനന്തപുരത്തുനിന്നും ആനാവൂർ നാഗപ്പനും എം.എം. മണിക്കുപകരം ഇടുക്കിയിൽനിന്ന്​ എസ്​. ജയചന്ദ്രനും സംസ്​ഥാന സെക്രട്ടേറിയറ്റിലേക്ക്​ എത്തിയപ്പോൾ സംസ്​ഥാന സെക്രട്ടേറിയറ്റും കേന്ദ്രകമ്മിറ്റിയും ഉണ്ടായിരുന്ന കാസർകോട്​ നഷ്​ടം നേരിടുന്നു. പദവി ഒഴിയേണ്ടിവരു​മ്പോൾ അദ്ദേഹം സ്വാർഥനായി എന്ന ആക്ഷേപം രഹസ്യമായി ഉയരുന്നുണ്ട്​. മഹിള അസോസിയേഷൻ സംസ്​ഥാന ട്രഷററാണ്​ ഇ. പത്​മാവതി. സ്​ത്രീ പ്രാതിനിധ്യം ഉയർത്തുന്നതി​ന്റെ ഭാഗമായി പത്​മാവതിയുടെ പേരായിരുന്നു സംസ്​ഥാന സമിതിയിലേക്ക്​ വരേണ്ടിയിരുന്നതെന്ന്​ ഒരുവിഭാഗം നേതാക്കൾ കരുതിയിരുന്നു. എന്നാൽ, ജില്ല സമ്മേളനത്തിനു മുമ്പുതന്നെ പത്​മാവതിയെ ഒതുക്കിയിരുന്നു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്​ണൻ, സി.എച്ച്​. കുഞ്ഞമ്പു എം.എൽ.എ, കെ.പി. സതീഷ്​ ചന്ദ്രൻ എന്നിവരാണ്​ ജില്ലയിലെ നേതൃത്വം. ഇതിൽ എം.വി. ബാലകൃഷ്​ണൻ മാസ്​റ്ററും സി.എച്ച്.​ കുഞ്ഞമ്പുവും തമ്മിലുള്ള അച്ചുതണ്ടാണ്​ ജില്ലയിലെ സി.പി.എം നേതൃത്വം എന്നുപറയുന്നു. ജില്ലയിൽ സി.പി.എമ്മിൽ ഈ അച്ചുതണ്ടിനെ കേന്ദ്രീകരിച്ചായിരിക്കും കാര്യങ്ങൾ നീങ്ങുക. പി. കരുണാകര​ന്റെ തീരുമാനങ്ങൾ മാത്രം നടപ്പാക്കിയിരുന്ന ജില്ലയിൽ ഇനി സി.പി.എമ്മിൽ പുതിയ കരുനീക്കങ്ങൾ കാണാം. എന്നാൽ, കണ്ണൂർ ജില്ലയിലെ നേതാക്കളോട് അഭ്യർഥിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടിവരും. പടങ്ങൾ: satheshchandran KP, Balakrishnan master, Kunhambu CH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.