യുക്രെയ്ൻ; വെള്ളം കുടിക്കാതെ ചോക്ലറ്റ് മാത്രം കഴിച്ച് വിദ്യാർഥികൾ

പടന്ന: യുക്രെയ്നിലെ ഖർകീവിൽ കുടുങ്ങിക്കിടക്കുന്ന മലയാളി മെഡിക്കൽ വിദ്യാർഥികളുടെ ദുരിതം ദിവസങ്ങൾ കഴിയുന്തോറും വർധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇടക്ക് ബങ്കറിന് പുറത്തിറങ്ങാൻ കഴിഞ്ഞുവെങ്കിൽ മേഖലയിൽ ഷെല്ലാക്രമണം രൂക്ഷമായതിനാൽ ഞായറാഴ്ച ബങ്കറിന് പുറത്തിറങ്ങരുത് എന്നായിരുന്നു കർശന നിർദേശം. വെള്ളം കുടിക്കാതെ ചോക്ലറ്റ് മാത്രമാണ് എല്ലാവരും കഴിച്ചതെന്ന് പടന്നയിലെ പരേതനായ എ.വി. റഫീഖിന്‍റെ മകൾ എം.വി. ഷുഹൈല പറയുന്നു. താമസ സ്ഥലത്ത് ശേഖരിച്ച ഭക്ഷണസാമഗ്രികളും തീരാറായതിനാൽ എത്രയും പെട്ടെന്ന് തങ്ങളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തണമെന്ന് അവർ പറയുന്നു. യുക്രെയ്നിലെ പടിഞ്ഞാറൻ മേഖലകളിൽ കുടുങ്ങിയവർക്ക് അതിർത്തി രാജ്യങ്ങളിലെത്തി ഇന്ത്യയിലേക്ക് മടങ്ങാൻ അവസരം ഉണ്ടെങ്കിലും ഖർകീവ് പോലുള്ള കിഴക്കൻ മേഖലയിൽ കുടങ്ങിക്കിടക്കുന്നവരാണ് ദുരിതത്തിലുള്ളത്. ഇവരെ രക്ഷിക്കാനാണ് സർക്കാർ മുൻകൈയെടുക്കേണ്ടത് എന്ന് ഷുഹൈലയുടെ മാതാവ്​ എം.വി. ആയിഷ പറഞ്ഞു. ഇതിനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ വിളിച്ച് സഹായം അഭ്യർഥിച്ചിട്ടുണ്ട്. വേണ്ട നടപടികൾ കൈക്കൊള്ളുന്നുണ്ട് എന്നാണ് അദ്ദേഹം അറിയിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് 250 വിദ്യാർഥികളാണ് ഷുഹൈലയുടെ കൂടെ ഉള്ളത്. ഇതിൽ 120 പേർ പെൺകുട്ടികളാണ്. ഇവരുടെ രക്ഷിതാക്കൾ വാട്സ്ആപ്പ് ഗ്രൂപ് രൂപവത്​കരിച്ച് മക്കളെ തിരികെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഏകോപനം നൽകുന്നുണ്ട്. തിരുവനന്തപുരത്തെ രക്ഷിതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നിവേദനം നൽകി. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന പടന്നയിലെ വിദ്യാർഥികളുടെ വീടുകൾ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിച്ചു. വീട്ടുകാരുമായും ഫോൺ വഴി വിദ്യാർഥികളുമായും അദ്ദേഹം സംസാരിച്ചു. ks pdn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.