പ്രീപ്രൈമറി കുട്ടികൾക്ക്​ പുതിയ അധ്യയന വർഷം

-ചെറിയ ഇടവേളക്കുശേഷം ജില്ലയിലെ വിദ്യാലയങ്ങൾ വീണ്ടും സജീവമായി കോഴിക്കോട്: ​കോവിഡ്​ മൂന്നാം തരംഗത്തി‍ൻെറ മൂർധന്യത്തിൽ അടച്ചിട്ട ജില്ലയിലെ വിദ്യാലയങ്ങൾ വീണ്ടും തുറന്നു. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളാണ്​ തിങ്കളാഴ്ച വീണ്ടും ആരംഭിച്ചത്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ കുട്ടികൾ ക്ലാസ്​മുറികൾ സജീവമാക്കി. ബാച്ച് അടിസ്ഥാനത്തിലാണ് ക്ലാസുകൾ. ശനിയാഴ്ച വരെ രണ്ടു ബാച്ചുകളായി ഉച്ചവരെയാണ്​ ക്ലാസുകൾ. അടുത്ത ആഴ്ചയോടെ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ സാധാരണഗതിയിലേക്ക് മാറും. അതിനുള്ള ഒരുക്കം പൂർത്തിയായതായി അധികൃതർ പറഞ്ഞു. മാസ്​ക്​, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഓർമപ്പെടുത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ നാട്ടുകാരും സ്​കൂളിലെത്തിയിരുന്നു. ജില്ലയിലെ എല്ലാ അംഗൻവാടികളും യു.കെ.ജി, എൽ.കെ.ജി ക്ലാസുകളും തുടങ്ങി. സ്​കൂളുകളിലെ പ്രീപ്രൈമറി ക്ലാസുകളും തുടങ്ങി. കോവിഡ്​ തുടങ്ങിയ ശേഷം ഇതാദ്യമായാണ്​ പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങുന്നത്​. വർണബലൂണുകൾ ഉയർത്തിയും മധുരം നൽകിയും ഇവരുടെ പ്രവേശനോത്സവം ആഘോഷിച്ചു. ജില്ലയിൽ 61 അംഗീകൃത പ്രീപ്രൈമറി സ്​കൂളുകളാണുള്ളത്​. ഇതിനു പുറമെ മുഴുവൻ സ്​കൂളുകളും പ്രീപ്രൈമറി ക്ലാസുകൾ നടത്തുന്നുണ്ട്​. സർക്കാർ ഓണറേറിയം അധ്യാപകർക്കു ലഭിക്കുമെന്നതാണ്​ അംഗീകാരംകൊണ്ടു പ്രയോജനം. അംഗൻവാടികളിലും കുട്ടികളെ വരവേല്‍ക്കാന്‍ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ക്ലാസുകൾ അലങ്കരിച്ചു. മധുരം നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. നിശ്ചിത അകലം പാലിച്ചായിരുന്നു കുട്ടികളെ ഇരുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.