കാസർകോട്: സംസ്ഥാനത്ത് ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ജില്ലയിലെ വിഭാഗീയത മറനീക്കിയിട്ടും ഒന്നും ചെയ്യാനാവാതെ സംസ്ഥാന നേതൃത്വം. കുമ്പള ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി- സി.പി.എം ധാരണയിലുണ്ടാക്കിയ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളെ ചൊല്ലിയാണ് ഒരു വിഭാഗം പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തുവന്നതെങ്കിലും പാർട്ടിയിൽ കാലങ്ങളായി നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയാണ് പുതിയ സംഭവങ്ങൾ. സാമ്പത്തിക തിരിമറി ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഇവർ ഉന്നയിക്കുന്നത്. ജില്ല വൈസ് പ്രസിഡന്റും കാസർകോട് നഗരസഭ കൗൺസിലറുമായ പി. രമേശൻ, ഒ.ബി.സി മോർച്ച ജില്ല ജന. സെക്രട്ടറി തുടങ്ങി ജില്ല, മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികളിലെ 48 പേരാണ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇതിനകം ഭാരവാഹിത്വം രാജിവെച്ചത്. സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത വിധം രാജിയും വിഴുപ്പലക്കലും ജില്ല ആസ്ഥാനം വരെ ഉപരോധിക്കൽ ഉൾപ്പെടെയുള്ള പ്രതിഷേധവും അരങ്ങേറിയിട്ടും സംസ്ഥാന നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്. കേന്ദ്ര സർവകലാശാലയിലെ നിയമനങ്ങളിലെ സാമ്പത്തിക ഇടപാടുകൾ എടുത്തിട്ടാണ് വിമതർ നേരിടുന്നത്. കുമ്പളയിലെ സി.പി.എം ധാരണയിലുണ്ടാക്കിയ സ്ഥിരംസമിതി അധ്യക്ഷ പദവികൾ രാജിവെച്ചിട്ടും പ്രവർത്തകർ നേതൃത്വത്തെ വിടാതെ പിന്തുടരുന്നത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. മുൻ ജില്ല പ്രസിഡന്റും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റിയംഗം പി. സുരേഷ് കുമാർ ഷെട്ടി തുടങ്ങിയവർക്കെതിരെ അച്ചടക്ക നടപടിയാവശ്യപ്പെട്ടാണ് വ്യാഴാഴ്ച ജില്ല ഓഫിസ് ഉപരോധം തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇവരെ സംരക്ഷിക്കുന്നുവെന്നാണ് വിമതരുടെ ആരോപണം. വിഷയം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്നുവെന്ന് കേൾക്കുന്നുവെന്നല്ലാതെ തങ്ങളോട് ആരും സംസാരിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കാസർകോട്, മഞ്ചേശ്വരം, കുമ്പള, പൈവളിക തുടങ്ങിയ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്നുള്ളവരാണ് ജില്ല ഓഫിസിൽ വീണ്ടും പ്രതിഷേധവുമായെത്തിയത്. ബദിയഡുക്ക പഞ്ചായത്തിലെ പട്ടാജെ വാർഡിലെ ബി.ജെ.പിയുടെ കുത്തക സീറ്റിലെ പരാജയം പോലും വിഭാഗീയതയുടെ ഫലമായാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.