എന്‍ഡോസള്‍ഫാന്‍ ധനസഹായം: ഓണ്‍ലൈന്‍ സംവിധാനമായി

കാസർകോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിൽ ഉള്‍പ്പെട്ടവര്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം ലഭ്യമാകുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം നിലവില്‍ വന്നു. അപേക്ഷകര്‍ക്ക് relief.kerala.gov.in എന്ന പോര്‍ട്ടലില്‍ എന്‍ഡോസള്‍ഫാന്‍ ധനസഹായം എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍/ വില്ലേജ് ഓഫിസുകള്‍ വഴി അപേക്ഷ നല്‍കാമെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. പട്ടികയിൽ ഉള്‍പ്പെട്ട വ്യക്തിയുടെ ഒ.പി നമ്പര്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. എന്‍ഡോസള്‍ഫാന്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിന്നോ മെഡിക്കല്‍ ക്യാമ്പില്‍ നിന്നോ ലഭിച്ച ഒ.പി നമ്പര്‍ ഉപയോഗിച്ച് അപേക്ഷാഫോമില്‍ വിവരങ്ങള്‍ ചേര്‍ക്കാം. ഒ.പി നമ്പര്‍ ലഭ്യമല്ലാത്ത ദുരിതബാധിതര്‍ അവരവരുടെ വില്ലേജ് ഓഫിസുമായോ കലക്ടറേറ്റ് എന്‍ഡോസള്‍ഫാന്‍ സെല്‍ 04994-257330 നമ്പറിലോ ബന്ധപ്പെടണം. ധനസഹായം സ്വീകരിക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുമ്പോള്‍ അക്കൗണ്ട് നമ്പറും ഐ.എഫ്.സി കോഡും കൃത്യമാണെന്നും അതുപോലെ ബാങ്ക് അക്കൗണ്ട് നിലവില്‍ ആക്​ടിവ് ആണെന്നും അഞ്ചുലക്ഷം രൂപവരെയുള്ള തുക ഉള്‍ക്കൊള്ളുന്നതിന് പര്യാപ്തമാണെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിൽ ഉള്‍പ്പെട്ട് ഇതുവരെ ഒരു തുകയും ലഭ്യമാകാത്തവരും ഭാഗികമായി (അഞ്ച് ലക്ഷത്തില്‍ താഴെ) തുക ലഭിച്ചവരുമാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. ദുരിതബാധിതര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ അവകാശികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കണം. ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍ അപേക്ഷകന്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റിയ്ക്ക് റിപ്പോര്‍ട്ട് കൈമാറും. ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നല്‍കുന്നത്. അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം നേരിട്ട് കൈമാറും. ധനസഹായം എന്‍ഡോസള്‍ഫാന്‍ ചികിത്സക്കും ഭാവിയിലേക്കൊരു മുതല്‍കൂട്ടായി ബാങ്കില്‍ സ്ഥിരനിക്ഷേപമായോ ഉപയോഗപ്പെടുത്തണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.