ജില്ല വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവൃത്തി അന്തിമഘട്ടത്തിൽ

കാസർകോട്: ശാരീരികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായവും പിന്തുണയും നല്‍കാനുള്ള പദ്ധതിയായ 'വണ്‍ സ്റ്റോപ്പ് സെന്ററി'ന്റെ പുതിയ കെട്ടിടം ആഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യും. അണങ്കൂരില്‍ ഇരുനിലക്കെട്ടിടത്തിന്റെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനിത സംരക്ഷണ ഓഫിസിന്റെ വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും അവലോകനം ചെയ്തു. ഒരേ സമയം അഞ്ച് പേര്‍ക്ക് താമസിക്കാവുന്ന സൗകര്യം പുതിയ വണ്‍ സ്റ്റോപ്പ് സെന്ററിലുണ്ടാവും. നിലവില്‍ താല്കാലിക കെട്ടിടത്തിലാണ് വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സെന്ററിലേക്ക് മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഒഴിവ് നികത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിക്കും. കെട്ടിടത്തിലേക്കാവശ്യമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കും. വനിത ശിശു വികസന വകുപ്പ് ജില്ല വനിത ശിശു സംരക്ഷണ ഓഫിസ് നടപ്പാക്കുന്ന വിവാഹ പൂര്‍വ കൗണ്‍സിലിങ് പദ്ധതിയായ 'ചേര്‍ച്ച'ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍ നടപ്പ് വര്‍ഷം മൂന്ന് മാസത്തിലൊരിക്കല്‍ ജില്ലയില്‍ ചേര്‍ച്ച കൗണ്‍സലിങ്​ പരിപാടി സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തിലോ സര്‍ക്കാര്‍ അംഗീകാരമുള്ളതുമായ വിവാഹ പൂര്‍വ കൗണ്‍സിലിങ്ങില്‍ പങ്കെടുക്കേണ്ടത് നിയമപരമാക്കുന്നതിന് ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ജില്ല നിയമസഹായ അതോറിറ്റി സെക്രട്ടറി ബി. കരുണാകര, ജില്ല വനിതാ ശിശു വികസന ഓഫിസര്‍ വി.എസ്. ഷിംന, ജില്ല വനിത സംരക്ഷണ ഓഫിസര്‍ എം.വി. സുനിത തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ-അണങ്കൂര്‍ ടി.വി. സ്റ്റേഷനു സമീപം ഒരുങ്ങുന്ന വണ്‍ സ്റ്റോപ് സെന്റര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.