കരുവന്നൂര്‍ ബാങ്ക്; സി.പി.എം തൃശൂർ ജില്ല സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്; ബുധനാഴ്ച ഹാജരാകണം

കൊച്ചി: കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസിൽ സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ബുധനാഴ്ച ഹാജറാകണമെന്നാണ് നിര്‍ദ്ദേശം. എന്നാൽ, സമൻസ് കിട്ടിയിട്ടില്ലെന്ന് എം.എം. വർഗീസ് പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് വർഗീസ് അറിയിച്ചു.

സഹകരണ രംഗത്തെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിലൂടെ സി.പി.എമ്മിന് കുരുക്ക് മുറുക്കുകയാണ് ഇ.ഡി ലക്ഷ്യമിടുന്നതെന്നാണ് ആക്ഷേപം. സി.പി.എമ്മിന്‍റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമിഷനും, ധനമന്ത്രാലയത്തിനും, റിസര്‍വ് ബാങ്കിനും ഇ.ഡി കൈമാറി. കരുവന്നൂരില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇ.ഡിയുടെ നിര്‍ണായക നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കിലുണ്ട്. അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ ബാങ്കില്‍ അംഗത്വം എടുക്കണമെന്നാണ് ബാങ്ക് ബൈലോയും സഹകരണ നിയമവും പറയുന്നത്. എന്നാല്‍ അക്കാര്യം പാലിച്ചിട്ടില്ലെന്ന് പറയുന്നു.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകള്‍ വിതരണം ചെയ്യാനും, കമ്മീഷന്‍ തുക നിക്ഷേപിക്കാനും അക്കൗണ്ടുകള്‍ ഉപയോഗിച്ചുവെന്നാണ് ഇ.ഡി പറയുന്നത്. പാര്‍ട്ടി ഫണ്ട്, ലെവി പിരിവ് സംബന്ധമായ കാര്യങ്ങളും ഈ അക്കൗണ്ടുകളിലൂടെ നടത്തി. ഉന്നത സി.പി.എം നേതാക്കള്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തു. എന്നാല്‍ ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച ഒരു വിവരവും ഓഡിറ്റ് രേഖകളില്‍ ഇല്ലെന്നും ഇ.ഡി. ചൂണ്ടിക്കാട്ടുന്നു.

തൃശ്ശൂര്‍ ജില്ലയിലെ 17 ഏരിയ കമ്മിറ്റികളുടെ കീഴില്‍ 25 അക്കൗണ്ടുകള്‍ വിവിധ സഹകരണ ബാങ്കുകളിലായി സി.പി.എമ്മിനുണ്ട്. എന്നാല്‍ ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കഴിഞ്ഞ മാര്‍ച്ചില്‍ ഓഡിറ്റ് ചെയ്ത കണക്കുകളില്ലെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. ജനപ്രാതിനിധ്യ നിയമവും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗരേഖകളും അനുസരിച്ച് അക്കൗണ്ട് വിവരങ്ങളും കണക്കുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി വെളിപ്പെടുത്തേണ്ടതുണ്ട്. ഇത്തരം നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തതെന്നാണ് ഇ.ഡിയുടെ ക​ണ്ടെത്തൽ. 

Tags:    
News Summary - Karuvannur Bank; ED notice issued to CPM Thrissur district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.