ബംഗളൂരു: കോൺഗ്രസിനും ബി.ജെ.പിക്കും ജീവന്മരണ പോരാട്ടമായ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ‘ലിംഗായത്ത് മതപദവി’ തീരുമാനം കൊണ്ട് ബി.ജെ.പിയെ പ്രഹരിച്ച് കോൺഗ്രസ്. ഉത്തര കർണാടകയിൽ ബി.ജെ.പിയുടെ വേരായ ലിംഗായത്ത് സമുദായത്തിെൻറ കാലാകാലങ്ങളായുള്ള ആവശ്യം പരിഗണിച്ച കോൺഗ്രസ് സർക്കാർ അന്തിമതീരുമാനം കേന്ദ്രത്തിന് വിട്ടതോടെ ബി.ജെ.പിയാണ് പ്രതിസന്ധിയിലായത്. ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ദേശീയതക്കെതിരായ ലിംഗായത്ത് മത രൂപവത്കരണത്തിന് പാർട്ടി ഭരിക്കുന്ന കേന്ദ്രം അനുമതി നൽകാനിടയില്ല.
ലിംഗായത്തിനെ മതമായി പരിഗണിക്കുന്നതിന് ആർ.എസ്.എസും എതിരുനിൽക്കുന്നുണ്ട്. കേന്ദ്ര തീരുമാനം ലിംഗായത്തുകൾക്ക് അനുകൂലമായാലും പ്രതികൂലമായാലും അത് കർണാടകയിൽ കോൺഗ്രസിനാണ് ഗുണംചെയ്യുക. കർണാടകക്ക് സ്വന്തമായി പതാക രൂപപ്പെടുത്തിയും കന്നടഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ സ്വീകരിച്ചും കന്നടികരെ പ്രീതിപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മറ്റൊരു തന്ത്രമായിരുന്നു കന്നട മണ്ണിെൻറ സ്വന്തം മതമായി ലിംഗായത്തിനെ അവതരിപ്പിക്കുക എന്നത്.
ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി ആവശ്യമില്ലെന്ന നിലപാടിലാണ് ബി.ജെ.പി. എന്നാൽ, ലിംഗായത്ത് നേതാക്കളും മഠാധിപതികളും കഴിഞ്ഞമാസങ്ങളിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങിയതോടെ അവസരം മുതലെടുത്ത് കോൺഗ്രസ് കരുക്കൾ നീക്കുകയായിരുന്നു. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കുന്ന സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ലിംഗായത്ത് സമുദായാംഗമാണ്. ലിംഗായത്തുകളുടെ ആവശ്യം അംഗീകരിക്കുന്നതോടെ ഒരുവിഭാഗത്തെ കൂടെ നിർത്താനാവുമെന്നും അതുവഴി ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളൽവീഴ്ത്താനാവുമെന്നുമുള്ള കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
ബസവതത്ത്വങ്ങൾ പിന്തുടരുന്ന ലിംഗായത്ത്, വീരശൈവ-ലിംഗായത്ത് എന്നിവയെ ‘ലിംഗായത്ത് ധർമ’ എന്ന പേരിൽ പ്രത്യേക മതമായി പരിഗണിക്കാമെന്നായിരുന്നു തിങ്കളാഴ്ച ചേർന്ന കർണാടക മന്ത്രിസഭ തീരുമാനം. എന്നാൽ, ആരാധനകളിലും ആചാരങ്ങളിലും ഹിന്ദുധർമങ്ങളെ പിന്തുടരുന്ന വീരശൈവ വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വീരശൈവർക്ക് കീഴിലെ പഞ്ചപീഠ മഠങ്ങളിലെ സ്വാമിമാർ സർക്കാറിനെതിരെ സമാധാനയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒറ്റക്കെട്ടായാണ് മന്ത്രിസഭ തീരുമാനമെടുത്തതെന്നാണ് വിശദീകരണമെങ്കിലും കർണാടക കോൺഗ്രസിലെ ലിംഗായത്ത് അനുകൂല മന്ത്രിമാരും വീരശൈവ അനുകൂല മന്ത്രിമാരും ഇപ്പോഴും രണ്ടുതട്ടിൽത്തന്നെയാണ്. മന്ത്രിസഭ തീരുമാനത്തെ ആദ്യം സ്വാഗതംചെയ്ത മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഷാമന്നൂർ ശിവശങ്കരപ്പ ചൊവ്വാഴ്ച നിലപാട് മാറ്റി. അഖിലേന്ത്യ വീരശൈവ മഹാസഭ പ്രസിഡൻറ് കൂടിയായ അദ്ദേഹം, സർക്കാർ വീരശൈവരെ വഞ്ചിച്ചതായും തുടർനടപടികൾ ആലോചിക്കുന്നതിന് 23ന് വീരശൈവ നേതാക്കൾ യോഗംചേരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എസ്. യെദിയൂരപ്പ ബി.ജെ.പിയിലെ ലിംഗായത്ത് നേതാക്കളുമായും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.