വീണ വിജയന് തിരിച്ചടി; എക്സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാ​മെന്ന് കർണാടക ഹൈകോടതി

ബംഗളൂരു: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഡയറക്ടറായ ഐ.ടി കമ്പനി എക്സാലോജികിനെതിരെ അന്വേഷണം തുടരും. കോർപറേറ്റ് തട്ടിപ്പുകൾ പരിശോധിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്.എഫ്.ഐ.ഒ) അന്വേഷണം തടഞ്ഞ് ഇടക്കാല ഉത്തരവിടണമെന്നാവശ്യപ്പെട്ട് എക്സാലോജിക് നൽകിയ ഹരജി ജസ്റ്റിസ് എം. നാഗപ്രസന്ന തള്ളി. വിശദമായ വിധിപ്പകർപ്പ് ഇന്ന് നൽകുമെന്ന് ഒറ്റവരി വിധിപ്രസ്താവത്തിന് ശേഷം ജഡ്ജി അറിയിച്ചു.

കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയമാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സാലോജികിനെതിരെ ജനുവരി 31ന് അന്വേഷണം പ്രഖ്യാപിച്ചത്. കരിമണൽ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡുമായി (സി.എം.ആർ.എൽ) ബന്ധപ്പെട്ട മാസപ്പടി കേസിലാണ് അന്വേഷണം. 2013ലെ കമ്പനീസ് ആക്ട് സെക്ഷൻ 210 പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടത്തുന്നതിനിടെ അതേ നിയമത്തിലെ സെക്ഷൻ 212 അനുസരിച്ച് അന്വേഷണം എസ്.എഫ്.ഐ.ഒക്ക് കൈമാറിയതിനെയാണ് വീണ ചോദ്യം ചെയ്തത്. സി.എം.ആർ.എല്ലിലും ഈ കമ്പനിയിൽ ഓഹരിയുള്ള കെ.എസ്.ഐ.ഡി.സി ഓഫിസിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. പൂർണമായ വിധി കിട്ടിയശേഷം എസ്.എഫ്.ഐ.ഒ വീണക്കെതിരായ അന്വേഷണവും കടുപ്പിക്കാനാണ് സാധ്യത.

തിങ്കളാഴ്ച ഹരജിയിൽ ഒന്നരമണിക്കൂർ വാദം കേട്ട കർണാടക ഹൈകോടതി വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. വിധി വരുംവരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട് 135 കോടി രൂപയുടെ ക്രമക്കേട് ആദായനികുതി വകുപ്പ് കണ്ടെത്തിയതായി എസ്.എഫ്.ഐ.ഒ തിങ്കളാഴ്ചത്തെ വാദത്തിൽ കോടതിയെ അറിയിച്ചിരുന്നു. സേവനമൊന്നും നൽകാതെ എക്സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയതിന് തെളിവുണ്ടെന്നും ബോധിപ്പിച്ചു.

സുതാര്യമല്ലാത്ത ഒട്ടേറെ ഇടപാടുകൾ നടന്നിരിക്കാമെന്ന സൂചനയുള്ളതിനാൽ പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളെ കണ്ണിയാക്കാൻ അധികാരമുള്ള എസ്.എഫ്.ഐ.ഒ അന്വേഷിക്കണമെന്നായിരുന്നു കോർപറേറ്റ് മന്ത്രാലയത്തിനും എസ്.എഫ്.ഐ.ഒ ഡയറക്ടർക്കും വേണ്ടി ഹാജരായ അഡി.സോളിസിറ്റർ ജനറൽ കെ. അരവിന്ദ് കാമത്ത് വാദിച്ചത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.എം.ആർ.എല്ലിന്റെ ഇടപാടുകളിലുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായും അന്വേഷണ ഏജൻസി കോടതിയിൽ പറഞ്ഞിരുന്നു. വീണ വിജയനുവേണ്ടി അഡ്വ. അരവിന്ദ് ദത്തറായിരുന്നു ഹാജരായത്.

Tags:    
News Summary - Karnataka High Court will not quash SFIO investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.