കർണാടകയിലേക്ക്​ പോകുന്ന മലയാളി കർഷകരുടെ കൈയിൽ ചാപ്പ കുത്തിയപ്പോൾ

ബാവലി ചെക് പോസ്റ്റില്‍ മലയാളി കര്‍ഷകരുടെ ദേഹത്ത് കർണാടക അധികൃതര്‍ ചാപ്പ കുത്തി

മാനന്തവാടി (വയനാട്​): കർണാടകയിലേക്ക് പോയ മലയാളി കര്‍ഷകരുടെ ദേഹത്ത് കർണാടക അധികൃതര്‍ ചാപ്പ കുത്തിയതായി പരാതി. ബാവലി ചെക് പോസ്റ്റില്‍ വെച്ച് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം ചാപ്പ കുത്തിയത്. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കർണാടക ഏഴ് ദിവസത്തെ ക്വാറ​ന്‍റീൻ ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായാണ് ചാപ്പയടിക്കുന്നതെന്ന്​ കർഷകർ പറഞ്ഞു. വോട്ടിങ്​ സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളില്‍ സീല്‍ പതിപ്പിച്ച് കടത്തി വിടുന്നത്.

Full View

ശരീരത്തില്‍ ഇത്തരത്തില്‍ ചാപ്പയടിച്ച് വിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പരാതി ഉയർന്നതിനു പിന്നാലെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന്​ വയനാട്​ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല മൈസൂര്‍ ഡപ്യൂട്ടി കമീഷണറെ ബന്ധപ്പെട്ടു. ചാപ്പ കുത്തല്‍ നിര്‍ത്താന്‍ മൈസൂര്‍ ജില്ല ഭരണകൂടം നിർദേശം നല്‍കി.

നിരവധി മലയാളികള്‍ കൃഷിക്കായി കർണാടകയെ ആശ്രയിക്കുന്നുണ്ട്​. ഇഞ്ചികൃഷിക്കാരാണ്​ കൂടുതലും. ഇവരിൽ പലരും ദിനേന വയനാട് ജില്ലയിലെ വിവിധ ചെക്ക് പോസ്​റ്റുകളിലൂടെ കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്തു വരുന്നു. കേരളത്തിൽ കോവിഡ്​ വ്യാപനം രൂക്ഷമായതോടെ സംസ്​ഥാനത്തുനിന്ന്​ അതിർത്തി കടന്നെത്തുന്നവർക്ക്​ കർണാടക കർശന നിയന്ത്രണങ്ങളാണ്​ ഏർപെടുത്തുന്നത്​. കേരളത്തിൽ നിന്നെത്തുന്നവർ​ ഒരാഴ്ച ക്വാറന്‍റീനിൽ കഴിയണമെന്നതടക്കമുള്ള നിയന്ത്രണങ്ങളാണുള്ളത്​. ഇതിനിടയിലാണ്​ ചാപ്പകുത്തൽ നടന്നത്​. അതേസമയം, അതിര്‍ത്തി കടക്കുന്നവര്‍ കർണാടക സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകാരമുള്ള ക്വാറന്‍റീൻ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും വയനാട് കലക്ടര്‍ ആവശ്യപ്പെട്ട​​ു. 

Tags:    
News Summary - Karnataka authorities stab seal on Farmers body at Bavali check post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.