കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മോചനം ഉടനുണ്ടാവും. ഇവർ ഉൾപ്പെടെയുള്ള പ്രതികളെ ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശിപാർശ ഗവർണർ അംഗീകരിച്ചതോടെയാണിത്. എന്നാൽ, ഇതുസംബന്ധിച്ച് ഉത്തരവെന്നും ലഭിച്ചിട്ടില്ലെന്ന് കണ്ണൂർ വനിത ജയിൽ അധികൃതർ പ്രതികരിച്ചു.
ജീവപര്യന്തം തടവിന് കണ്ണൂർ വനിതാ ജയിലിൽ കഴിഞ്ഞ ഷെറിൻ ജൂലൈ ഏഴ് മുതൽ 23 വരെ പരോൾ ലഭിച്ച് പുറത്താണ്. ശിക്ഷായിളവ് ഉത്തരവ് ലഭിക്കുന്ന മുറക്ക് പരോൾ കാലാവധി തീരുന്നതിനുമുമ്പ് ഷെറിൻ കണ്ണൂരിലെത്തി നടപടിക്രമം പൂർത്തിയാക്കി ജയിൽ മോചിതയാവുമെന്ന് അഭിഭാഷകൻ മഹേഷ് വർമ പറഞ്ഞു.
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഷെറിന് ശിക്ഷായിളവ് നൽകണമെന്ന് മന്ത്രിസഭ നേരത്തേ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. സർക്കാർതലത്തിലെ ഉന്നത ബന്ധമാണ് തീരുമാനത്തിനു പിന്നിലെന്നും ജയിലിലെ മറ്റ് തടവുകാർക്കില്ലാത്ത പരിഗണനയാണ് അവർക്ക് ലഭിക്കുന്നതെന്നുമായിരുന്നു ആരോപണം.
കണ്ണൂർ ജയിലിൽ കഴിയുന്ന ഷെറിന് മാനസാന്തരം വന്നുവെന്നും ശിക്ഷായിളവ് നൽകണമെന്നും ജയിൽ ഉപദേശക സമിതിയാണ് സർക്കാറിൽ ശിപാർശ ചെയ്തത്. ജയിൽ റിപ്പോർട്ടും ഇവർക്ക് അനുകൂലമായിരുന്നു. മന്ത്രിസഭ ശിക്ഷായിളവിന് ശിപാർശ നൽകിയശേഷവും സഹതടവുകാരിയായ വിദേശ വനിതയെ മർദിച്ചതിന് ഷെറിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.