കന്യാകുമാരിയെ ഇളക്കി ടി.വി.കെയുടെ റോഡ് ഷോ: ട്രോളിങ് നിരോധന സമയത്തുനൽകുന്ന തുക 8000 ത്തിൽനിന്ന് 20,000 ആക്കും -വിജയ്

കന്യാകുമാരി: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലെത്തുമ്പോൾ കന്യാകുമാരിയെ ഇളക്കി മറിച്ച് ടി.വി.കെ അധ്യക്ഷൻ വിജയിയുടെ റോഡ് ഷോ. ട്രോളിങ് നിരോധന സമയത്ത് നൽകുന്ന തുക 8000 ത്തിൽനിന്ന് 20,000 ആക്കി ഉയർത്തുമെന്നും ടി.വി.കെ അധ്യക്ഷൻ പറഞ്ഞു. ആധാർ കാർഡ് മാതൃകയിൽ തമിഴ്നാട്ടിൽ സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കുമെന്നും സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് വീട്ടുപടിക്കൽ എത്തുമെന്നുമാണ് ടി.വി.കെയുടെ വാഗ്ദാനം.

കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നൽകുന്ന വാഗ്ദാനങ്ങൾ പോലെയല്ല. നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമാണ് ടി.വി.കെ ഇവിടെ പറയുന്നത്. അഴിമതി മാത്രമാണ് നിലവിൽ നടക്കുന്നത്. കൈക്കൂലി പണത്തിന്റെ ഒരു വിഹിതം മന്ത്രിമാർക്ക് കൃത്യമായി എത്തിച്ചേരുന്നുണ്ട്. അതിന് തടയിടുകയാണ് ആദ്യം വേണ്ടത്. ടി.വി.കെ അധികാരത്തിലെത്തിയാൽ കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തുമെന്ന് വിജയ് പറഞ്ഞു. ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾക്കായി ആപ്പ് പുറത്തിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.

അയ്യായിരത്തിൽ അധികം ജനങ്ങൾ ഒപ്പിട്ട ഏത് പരാതിയും നിയമസഭയിൽ ചർച്ച ചെയ്യും. കുടിലുകൾ മാറ്റി വാസയോഗ്യമായ വീടുകൾ നിർമിച്ച് നൽകുമെന്നും വിജയ് വാ​ഗ്ദാനം നൽകി. അതേസമയം, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമിയുടെയും പ്രചാരണ പരിപാടികൾ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് തമിഴ് നാട്ടിൽ പ്രചാരണത്തിനായി എത്തും. നാഗർകോവിലിലാണ് പര്യടനം. വൈകിട്ട് 4.30ന് വെപ്പമൂട് മുതൽ വടച്ചേരി വരെ റോഡ് ഷോ. തുടർന്ന് പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

തമിഴ്നാട് കാരെക്കുടിയില്‍ സമയപരിധി ലംഘിച്ച് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് റോഡ് ഷോ നടത്തിയിരുന്നു. മധുര മുതല്‍ കാരൈക്കുടി വരെ റോഡ് ഷോയായാണ് വിജയ് പ്രചാരണം നടത്തിയത്. സമയപരിധി അവസാനിച്ചതോടെ, കാരൈക്കുടിയില്‍ പ്രസംഗിക്കാതെയാണ് വിജയ് മടങ്ങിയത്. 12 മണി മുതല്‍ 2.30 വരെയായിരുന്നു വിജക്ക് കാരൈക്കുടിയില്‍ പ്രചാരണത്തിന് അനുമതി നല്‍കിയത്. പ്രത്യേക വിമാനത്തില്‍ മധുരയിലെത്തിയ വിജയ്, അവിടെ നിന്ന് റോഡ് ഷോ ആരംഭിച്ചു. ഏകദേശം 75 കിലോമീറ്റര്‍ ദൂരമായിരുന്നു റോഡ് ഷോ. അതിനിടെ സൈക്കിള്‍ ചവിട്ടിയും വിജയുടെ പ്രചാരണം. തിക്കിലും തിരക്കിലും പെട്ട വിജയ്, വേഗത്തില്‍ തിരികെ വാനിലേക്ക് കയറി. കാരൈക്കുടിയിലെ അവസാന പോയന്റില്‍ എത്തിയപ്പോള്‍ സമയം 2.40. ഇതോടെ പ്രസംഗിക്കാതെ മടങ്ങുകയായിരുന്നു. തിരികെ മധുരയിലേക്കുള്ള യാത്രയും റോഡ് ഷോയാക്കി മാറ്റി. വഴിനീളെ കാത്തിരുന്ന പ്രവര്‍ത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്തു. നാളെ കടലൂരിലും വിഴിപ്പുരത്തും 12ന് കന്യാകുമാരിയിലുമാണ് വിജയുടെ പ്രചാരണം.

Tags:    
News Summary - TVK's road show stirs up Kanyakumari: Trolling ban will increase amount from 8000 to 20,000 - Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.