സി.പി.എമ്മിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം; ‘തോറ്റതിന്റെ അരിശം ന്യൂനപക്ഷത്തിനെതി​രെ തീർക്കാതെ ചികിത്സിക്കുന്നതാണ് നല്ലത്’

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവന വിവാദമാക്കിയതിൽ സി.പി.എമ്മിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം. തോറ്റതിന്റെ അരിശം ന്യൂനപക്ഷത്തിനെതി​രെ തീർക്കുകയാണെന്ന് എസ്.​വൈ.എസ് നേതാവ് റഹ്മത്തുല്ല സഖാഫി എളമരം എഴുതിയ ‘ഇവിടെ ആർക്കാണ് പ്രശ്നം’ എന്ന ലേഖനത്തിൽ പറയുന്നു.

പത്ത് വര്‍ഷത്തോളമായി സ്വീകരിച്ചു പോരുന്നതില്‍ നിന്ന് വ്യത്യസ്തമായി അന്ധമായ വിമര്‍ശനമാണ് ഈ വിഷയത്തില്‍ സി.പി.എം സ്വീകരിച്ചത്. തെരഞ്ഞെടുപ്പിലെ പരാജയം ന്യൂനപക്ഷ സമുദായങ്ങളുടെമേല്‍ ചാര്‍ത്തി വിമര്‍ശിക്കുന്ന രീതി ഈയിടെയായി പല ഇടതു പ്രൊഫൈലുകളില്‍ നിന്നും കാണുന്നുണ്ട്. അതിന്റെ അരിശം തീര്‍ക്കുന്നതാണോ വിശദീകരണം നല്‍കിയിട്ടും വിമര്‍ശനവുമായി മുന്നോട്ടു പോകുന്നത് എന്ന് സംശയമുണ്ട്. ഇടതുപക്ഷത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് വിചാരിക്കുന്നവരാണ് സുന്നി പ്രസ്ഥാനം. യു.ഡി.എഫില്‍ പോലും അങ്ങനെ ചിന്തിക്കുന്നവരുണ്ട്.

ഭരണമോശം കൊണ്ടാണ് പരാജയപ്പെട്ടത് എന്ന് അഭിപ്രായമില്ല. മറിച്ച് പാര്‍ട്ടിക്കുള്ളിലെ അമര്‍ഷം തന്നെയായിരുന്നു പ്രധാനകാരണമെന്ന് തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ചവെച്ചു. ഉജ്ജ്വലമായി വീണ്ടും തിരിച്ചുവന്നപ്പോള്‍ നന്മ ഉദ്ദേശിച്ച് കൊണ്ടാകാം മന്ത്രി സഭയില്‍ ഒരു തലമുറമാറ്റം കൊണ്ടു വന്നു. മുഖ്യമന്ത്രി മാത്രം മാറിയില്ല. ഇത് മികച്ച ഭരണം കാഴ്ചവെച്ച പല മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കി.

പാര്‍ട്ടി രീതിയനുസരിച്ച് പരസ്യമായി ആരും പ്രതികരിച്ചില്ലെങ്കിലും കടുത്ത മനോവേദന കടിച്ചിറക്കി അവര്‍ പാര്‍ട്ടിക്കൊപ്പം നിന്നു. ആലപ്പുഴയില്‍ സുധാകരനെ പോലുള്ളവര്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ പ്രതിഷേധമറിയിച്ചു. മുഖ്യമന്ത്രി കൂടി മാറിയിരുന്നെങ്കില്‍ ഇത് ഇത്ര രൂക്ഷമാകുമായിരുന്നില്ല. വീണ്ടും തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നെയും മത്സരരംഗത്ത് ഉണ്ടാകുകയും പാര്‍ട്ടി നേതൃത്വത്തിലുള്ള പലരുടെയും ഭാര്യമാരും ബന്ധുക്കളും സീറ്റ് ഉറപ്പിക്കുകയും ചെയ്തതോടെ കണ്ണൂര്‍ ജില്ലയിലടക്കം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായി. ചിലര്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നു മത്സരിക്കാനും തയ്യാറായി.

തെരഞ്ഞെടുപ്പ് പ്രചരണരീതി കൂടുതല്‍ പ്രകോപനമുണ്ടാക്കി. കേരളം നിറയെ ഒരു വ്യക്തിയുടെ മാത്രം ഭീമന്‍ ബോഡുകള്‍ നിറഞ്ഞു. ഒരു മുന്നണിയായി മത്സരിക്കുമ്പോള്‍ മുന്നണി നേതാക്കളുടെ ഫോട്ടോയെങ്കിലും വെക്കേണ്ടതായിരുന്നു എന്ന സംസാരം അണികളും നേതാക്കളും തമ്മില്‍ പറഞ്ഞു. പരസ്യ പ്രതികരണത്തിന് മുതിര്‍ന്നാല്‍ പുറത്താവും. രാജാവും പ്രജയും എന്ന രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് പല പ്രാദേശിക നേതാക്കള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നു. അവര്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചു. പിന്നെ പത്ത് കൊല്ലമായതല്ലേ, ഒന്നു മാറ്റി നോക്കാമെന്ന് നിഷ്പക്ഷ വോട്ടര്‍മാരും ചിന്തിച്ചു കാണും.

പാര്‍ട്ടി തോറ്റതല്ല. ഇടതു പക്ഷം തകര്‍ന്നതുമല്ല. അണികള്‍ നല്‍കിയ ഒരു ശിക്ഷകൂടിയാണ് ഈ തോല്‍വി. ഇതിന്റെ അരിശം പാര്‍ട്ടി പ്രവര്‍ത്തകരോടും സമുദായ സംഘടനകളോടും തീര്‍ക്കുന്നതിന് പകരം രോഗത്തിന് ചികിത്സിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ബംഗാളിലെ അവസ്ഥവരും. അത് ആരും ആഗ്രഹിക്കുന്നില്ല’ -ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kanthapuram mouthpiece slams CPM over minority remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.