തിരുവനന്തപുരം: കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ച സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കുഴച്ചാലിലില്‍ മോഹനനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയണ് ബി.ജെ.പി പ്രവർത്തകനായി രമിത് കൊല്ലപ്പെട്ടത് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ശമിക്കുന്നില്ല എന്നതിന്‍റെ തെളിവാണ്. കണ്ണൂരില്‍ യുദ്ധ സമാനമായ സ്ഥിതി വിശേഷമാണ് നില നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി കണ്ണൂരില്‍ ഇരുവിഭാഗവും പരസ്പരം വീടുകള്‍ ആക്രമിക്കുകയും അക്രമം നടത്തുകയുമാണ്. പൊലീസിന് ഫലപ്രദമായി അക്രമം തടയാന്‍ കഴിയുന്നില്ല. ചോരക്ക് ചോര എന്ന അവസ്ഥക്ക് അറുതി ഉണ്ടായേ മതിയാകൂ. അതിനായി സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും നേതൃത്വം ഉടനടി ഇടപെട്ട് കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കണം.
കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. ഇടതു സര്‍ക്കാർ അധികാരത്തിലെത്തിയ ശേഷം എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് കണ്ണൂരില്‍ നടക്കുന്നത്. അണികളെ നിയന്ത്രിച്ച് സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകളാണ് ഇരു രാഷ്ട്രീയ പാർട്ടികകളുടെയും നേതാക്കള്‍ നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പാടത്തെ ജോലിക്ക് വരമ്പത്ത് കൂലി എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമായിരുന്നു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ യു.ഡി.എഫ് സർക്കാർ പൂർണ്ണമായും അവസാനിപ്പിച്ചതാണ്. രാഷ്ട്രീയ കൊലപാതകങ്ങളുണ്ടാകുമ്പോള്‍ യഥാർഥ പ്രതികളെ പിടികൂടുകയും അതിന് പ്രേരണ നൽകുന്ന പാർട്ടി നേതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തതോടെയാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചത്. എന്നാല്‍ ഇടതു സർക്കാർ വന്നതോടെ സ്ഥിതി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.