കണ്ണൂർ: അനിശ്ചിതത്വത്തിന് വിരാമം. തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. വ്യത്യസ്ത ജാഥകളിലൂടെ മുന്നണികൾ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് നേരത്തേ കടന്നിരിക്കുകയാണ്. ഇനി സ്ഥാനാർഥി നിർണയം എന്ന കടമ്പകൂടി കഴിഞ്ഞാൽ അങ്കം മുറുകും.
പോർക്കളത്തിന് അരങ്ങുണരുേമ്പാൾ ജില്ലയിലെ ഏതൊക്കെ മണ്ഡലങ്ങളിൽ ആരൊക്കെയെന്ന ചർച്ചകൾ സജീവം. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ചിലയിടങ്ങളിൽ യു.ഡി.എഫിലും എൽ.ഡി.എഫിലും നിലവിലുള്ളവർ മാറുമെന്നാണ് വിവരം. മിക്കയിടങ്ങളിലും പുതുമുഖങ്ങളുടെ പേരുകൾ ഉയർന്നുവരുന്നുണ്ട്.
ജില്ലയിൽ നിന്നുള്ള മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മൂന്ന് മന്ത്രിമാരും മത്സരിക്കാനും സാധ്യതയുണ്ട്. എൽ.ഡി.എഫിൽ രണ്ടു ടേം പൂർത്തിയാക്കിയ ടി.വി. രാജേഷ് (കല്യാശ്ശേരി), ജെയിംസ് മാത്യു (തളിപ്പറമ്പ്), സി. കൃഷ്ണൻ (പയ്യന്നൂർ) എന്നിവർ ഇക്കുറി ഉണ്ടാകാനിടയില്ല. മന്ത്രി ഇ.പി. ജയരാജനും ഇത്തവണ പോരിനുണ്ടാവില്ലെന്നാണ് പിന്നാമ്പുറ ശ്രുതി.
കോൺഗ്രസിന് ഉറച്ച വിജയ പ്രതീക്ഷയുള്ള കണ്ണൂർ നിയമസഭ മണ്ഡലത്തിൽ 2016ലെ തെരഞ്ഞെടുപ്പിെൻറ നേർപതിപ്പാകാനാണ് സാധ്യത. എൽ.ഡി.എഫിൽ കോൺഗ്രസ് (എസ്)ലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും യു.ഡി.എഫിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും തമ്മിലായിരിക്കും ഇത്തവണ മത്സരത്തിന് സാധ്യത.
അഴീക്കോട്ട് മുസ്ലിം ലീഗിലെ കെ.എം. ഷാജി തന്നെ രംഗത്തിറങ്ങിയേക്കും. കണ്ണൂരും അഴീക്കോടും വെച്ചുമാറണമെന്ന ലീഗിെൻറ ആവശ്യം ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസ് തള്ളിയിരുന്നു.
അതിനാൽ, ലീഗ് സ്ഥാനാർഥി തന്നെയായിരിക്കും ഇവിടെ ജനവിധി തേടുക. എൽ.ഡി.എഫിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിെൻറ പേരും അഴീക്കോട്ട് ഉയർന്നുകേൾക്കുന്നുണ്ട്. കൂടാതെ നികേഷ് കുമാറിനുതന്നെ വീണ്ടും നറുക്കുവീഴുമെന്ന സൂചനയുമുണ്ട്.
തളിപ്പറമ്പിൽ എൽ.ഡി.എഫിൽ നിലവിലെ എം.എൽ.എ െജയിംസ് മാത്യുവിെൻറ ഭാര്യയും കണ്ണൂർ കോർപറേഷൻ അംഗവും ജനാധിപത്യ മഹിള അസോ. ജോ. സെക്രട്ടറിയുമായ എൻ. സുകന്യ, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.
കഴിഞ്ഞ തവണ യു.ഡി.എഫിൽ കേരള കോൺഗ്രസ് എം മത്സരിച്ച മണ്ഡലമാണിത്. ഇത്തവണ യു.ഡി.എഫിൽ ലീഗ് സ്ഥാനാർഥിക്കാണ് സാധ്യത. ലീഗാണെങ്കിൽ ജില്ല ജനറൽ സെക്രട്ടറി കരീം ചേലേരി, കോൺഗ്രസാണെങ്കിൽ ഡി.സി.സി സെക്രട്ടറി വി. ജനാർദനൻ എന്നിവർ കളത്തിലിറങ്ങിയേക്കും.
ചുവപ്പുേകാട്ടയായ പയ്യന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം ടി.െഎ. മധുസൂദനൻ മത്സരിക്കാനാണ് സാധ്യത. യു.ഡി.എഫിൽ കോൺഗ്രസ് സ്ഥാനാർഥിയായിരിക്കും ഇവിടെ പോരിനിറങ്ങുക.
കൂത്തുപറമ്പിൽ കഴിഞ്ഞ തവണ എതിർ പാളയത്തിലായിരുന്ന എൽ.ജെ.ഡി നേതാവും മുൻമന്ത്രിയുമായ കെ.പി. മോഹനനായിരിക്കും ഇത്തവണ എൽ.ഡി.എഫ് ടിക്കറ്റിൽ ജനവിധി തേടുക. യു.ഡി.എഫിൽ സീറ്റ് ലീഗിന് വിട്ടുനൽകാനുള്ള ചർച്ചയും സജീവമാണ്.
പേരാവൂരിൽ രണ്ടുതവണ ജയിച്ച കോൺഗ്രസിലെ സണ്ണി ജോസഫ് തന്നെയായിരിക്കും ഇത്തവണയും യു.ഡി.എഫിനുവേണ്ടി ജനവിധി തേടുക. കെ.കെ. ശൈലജയെ മുന്നിൽ നിർത്തി മണ്ഡലം തിരിച്ചുപിടിക്കുക എന്ന ആലോചനയും ഇടതുപാളയത്തിൽനിന്ന് കേൾക്കുന്നുണ്ട്. പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ്(ജോസ് കെ. മാണി) വിഭാഗത്തിന് മണ്ഡലം വിട്ടുനൽകുമെന്ന സൂചനയുമുണ്ട്.
മന്ത്രി കെ.കെ. ശൈലജയെ ചുവപ്പുേകാട്ടയായ മട്ടന്നൂരിൽ എൽ.ഡി.എഫ് രംഗത്തിറക്കാനും സാധ്യതയുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവദാസെൻറ പേരും ഇവിടെ ഉയർന്നുകേൾക്കുന്നുണ്ട്. കോൺഗ്രസിൽ കോൺഗ്രസ് നേതാവ് ചന്ദ്രൻ തില്ലേങ്കരിയുടെ പേരും ഇവിടെ ഉയർന്നുകേൾക്കുന്നു.
ഇരിക്കൂറിൽ നാലു പതിറ്റാണ്ടായി നിയമസഭയിൽ പ്രതിനിധാനംചെയ്യുന്ന കെ.സി. ജോസഫ് ഇനിയൊരങ്കത്തിനില്ലെന്ന് വ്യക്തമാക്കി. കെ.സി മാറുകയാണെങ്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സോണി സെബാസ്റ്റ്യൻ, അഡ്വ. സജീവ് ജോസഫ് എന്നിവരിൽ ഒരാൾക്കാണ് സാധ്യത കൽപിക്കപ്പെടുന്നത്.
എൽ.ഡി.എഫിൽ ജോസ് കെ. മാണി വിഭാഗത്തിലെ സ്ഥാനാർഥിക്കാണ് സാധ്യത. അങ്ങനെയെങ്കിൽ സി.പി.െഎക്കായി മറ്റൊരു മണ്ഡലം എൽ.ഡി.എഫ് കാണേണ്ടി വരും.
കല്യാശ്ശേരിയിൽ എൽ.ഡി.എഫിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദെൻറ പേരാണ് ഉയർന്നുകേൾക്കുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിനെയും ഇവിടെ പരിഗണിക്കാൻ സാധ്യതയുണ്ട്. അന്തരിച്ച കോൺഗ്രസ് മുൻ മന്ത്രി എൻ. രാമകൃഷ്ണെൻറ മകൾ അമൃത രാമകൃഷ്ണനായിരുന്നു കോൺഗ്രസിൽ ഇവിടെ കഴിഞ്ഞ തവണ ജനവിധി തേടിയത്.
തലശ്ശേരിയിൽ എൽ.ഡി.എഫിൽ സിറ്റിങ് എം.എൽ.എ എ.എൻ. ഷംസീറിെൻറ പേരുതന്നെയാണ് ഉയർന്നുകേൾക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പേരാണ് ഇവിടെ ഉയരുന്നത്.
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജനവിധി തേടും. യു.ഡി.എഫിൽ ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, കോൺഗ്രസ് നേതാവ് സി. രഘുനാഥ് എന്നിവരുടെ പേരാണ് ഉയർന്നുകേൾക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.