കൊല്ലം: കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് സി.പി.എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ റൺവേ നീളം കൂട്ടുന്നതിന് കീഴല്ലൂർ വില്ലേജിൽ 245 ഏക്കർ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്തിട്ട് ഏഴ് വർഷമായി. ഭൂമി ഏറ്റെടുക്കൽ നടപടി വൈകുന്നത് പ്രതിഷേധാർഹമാണെന്നും എം. പ്രകാശൻ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് മനുഷ്യജീവൻ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന സി.വി. വർഗീസിന്റെയും, പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിച്ച് ജോലിയും കൂലിയും ഉറപ്പാക്കാനാവശ്യപ്പെടുന്ന ചന്ദ്രബാബുവിന്റെയും താങ്ങുവില ഉയർത്തിയും റീ പ്ലാന്റിങ്ങിനുള്ള ധനസഹായം വർധിപ്പിച്ചും റബർ കർഷകരെ സംരക്ഷിക്കണമെന്നുള്ള ഓമല്ലൂർ ശങ്കരന്റെയും, മയക്കുമരുന്നിനെതിരെ ഏകോപിതമായ പ്രതിരോധമുയർത്തണമെന്ന എസ്. സതീഷിന്റെയും പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
കേരളത്തിന്റെ റെയിൽവേ വികസനത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന പി. സതീദേവിയുടെയും, ആരോഗ്യ മേഖലയിലെ കേന്ദ്ര അവഗണന അവസാനിപ്പിക്കാനാവശ്യപ്പെടുന്ന കെ.കെ. ശൈലജയുടെയും, മത്സ്യമേഖല സംരക്ഷിക്കാനാവശ്യപ്പെടുന്ന സജി ചെറിയാന്റെയും, ദലിതുകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന കെ. രാധാകൃഷ്ണന്റെയും പ്രമേയങ്ങളും അംഗീകരിച്ചു.
കൊല്ലം: വിവാദമായ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകണമെന്ന് സി.പി.എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റെയിൽ വികസന ആവശ്യമാണ് സിൽവർ ലൈൻ. തിരുവനന്തപുരംമുതൽ കാസർക്കോട് വരെയുള്ള 529 കിലോമീറ്റർ 200 കിലോമീറ്റർ വേഗത്തിൽ നാല് മണിക്കൂർകൊണ്ട് എത്തുന്നതാണ് പദ്ധതി. രണ്ട് വർഷമായിട്ടും പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ല.
പദ്ധതി സാമ്പത്തിക വികസനത്തിന് ഉത്തേജനവും ടൂറിസം മേഖലക്ക് ശക്തിയും പകരും. അതിവേഗ റെയിൽ പാത യാഥാർഥ്യമാക്കിയില്ലെങ്കിൽ ദേശീയപാതകളിൽ ഗതാഗതക്കുരുക്കുണ്ടാവുമെന്നും കേരളത്തിന്റെ റെയിൽവേ വികസനത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കാനാവശ്യപ്പെട്ട് പി. സതീദേവി അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ രേഖയിൽ സിൽവർ ലൈൻ നടപ്പാക്കുമെന്ന് അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.