തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് മദ്യനിർമാണശാല അനുവദിച്ച സർക്കാർ നടപടിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ വീണ്ടും വിമർശിച്ച് എക്സൈസ് മന്ത്രി എം.ബി രാജേഷ്. വിവാദത്തിന് പിന്നിൽ രാഷ്ട്രീയലാഭം മാത്രമാണെന്നും എല്ലാ വികസന പദ്ധതികളെയും എതിർക്കുന്നവരാണ് പ്രതിപക്ഷമെന്നും മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി.
ഒരു കാര്യവും നടക്കരുതെന്നും ഒന്നും ചെയ്യാൻ അനുവദിക്കില്ലെന്നും നിശ്ചയിച്ച് ഉറപ്പിച്ച് പ്രതിലോമകരമായി പ്രവർത്തിക്കുന്ന ശക്തികളാണ് വിവാദമാക്കുന്നത്. നിലവിലെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ബ്രൂവറി പദ്ധതിക്ക് പ്രാരംഭ അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു.
ആരാണ് പ്രതിപക്ഷ നേതാവ് എന്നുള്ള മത്സരത്തിലാണ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും. അവർ പത്രസമ്മേളനം നടത്തുന്നതിന് അനുസരിച്ച് പത്രസമ്മേളനം നടത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റ്ലറി യൂനിറ്റ് അനുവദിക്കാനുള്ള പിണറായി സർക്കാർ തീരുമാനത്തെ എതിർത്ത പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസവും മന്ത്രി എം.ബി രാജേഷ് രംഗത്തെത്തിയിരുന്നു. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ ഉത്‌പാദിപ്പിക്കുമെന്ന് കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ പ്രഖ്യാപിച്ചതാണെന്നും അതനനുസരിച്ച് നടപടിയെടുക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കിയത്.
മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയിടങ്ങളിൽ വർഷങ്ങളായി ഈ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന അനുഭവ സമ്പത്തുള്ള ഒരു സ്ഥാപനം അപേക്ഷിച്ചു. പരിശോധനകൾ നടത്തി എല്ലാ നിയമവും അനുസരിച്ച് ആരംഭിക്കുന്നതിനുള്ള പ്രാരംഭ അനുമതിയാണ് മന്ത്രിസഭ നൽകിയത്. കേന്ദ്ര സർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്ത കമ്പനിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ബ്രൂവറി-ഡിസ്റ്റ്ലറി യൂനിറ്റ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർത്ത പ്രതിപക്ഷ നടപടിയെ വിഷയ ദാരിദ്രമെന്നും കോണ്‍ഗ്രസിലെ തര്‍ക്കമെന്നും പരിഹസിച്ച മന്ത്രി എം.ബി. രാജേഷിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ സാധിക്കാതെ വരുമ്പോള്‍ കൊഞ്ഞനം കുത്തിക്കാണിക്കുന്നതു പോലെയാണ് മന്ത്രിയുടെ പ്രതികരണമെന്ന് സതീശൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവെന്ന നിലയിലാണ് മന്ത്രിയോട് രണ്ട് ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് മറുപടി പറയാതെ കോണ്‍ഗ്രസില്‍ ഞാനും രമേശ് ചെന്നിത്തലയും തമ്മില്‍ തര്‍ക്കമെന്നാണ് മന്ത്രി പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ല. അന്നത്തെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ബ്രൂവറിക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് ചെന്നിത്തല. അന്ന് ഞാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ രമേശ് ചെന്നിത്തലയുമായി കൂടിയാലോചിച്ചാണ് നിലപാടെടുത്തത്. മന്ത്രി രാജേഷിന് വിഷമമുണ്ടെങ്കില്‍ ഞാനും രമേശ് ചെന്നിത്തലയും ഒന്നിച്ച് പത്രസമ്മേളനം നടത്താമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.