തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സുകളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. കനിവ് 108 ആബുലന്‍സുകളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വിളിച്ച് കൂട്ടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അപകടങ്ങള്‍ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്‌പോട്ടുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സഹായത്തോടെ കണ്ടെത്തി ആവശ്യമായ സ്ഥലങ്ങള്‍ക്ക് സമീപം 108 ആംബുലന്‍സ് സേവനം പുന:ക്രമീകരിക്കും. പുതിയ റോഡുകളും വാഹനപ്പെരുപ്പവും കാരണം അപകട സ്ഥലങ്ങള്‍ക്ക് മാറ്റം വന്നതിനാലാണ് പുനക്രമീകരിക്കുന്നത്. മികച്ച സേവനം ലഭ്യമാക്കുന്നതിന് പുതിയ ആപ്പ് വികസിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രികളില്‍ നിന്ന് രോഗികളെ 108 ആംബുലന്‍സുകളില്‍ മാറ്റുന്നതിനായുള്ള റഫറന്‍സ് പ്രോട്ടോകോള്‍ തയാറാക്കും. ട്രോമ കെയര്‍, റോഡപകടങ്ങള്‍, വീടുകളിലെ അപകടങ്ങള്‍, അത്യാസന്ന രോഗികള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടു പോകുന്നതിന് ആരോഗ്യ വകുപ്പിന്റേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റേയും ആംബുലന്‍സുകള്‍ പരമാവധി ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി.
ഈ ആംബുലന്‍സുകള്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ 108 ആംബുലന്‍സിന്റെ സേവനം തേടാവൂ. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ.എം.എസ്.സി.എല്‍. മാനേജിങ് ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.