തൃശൂർ: എങ്ങും ആവേശത്തിെൻറ അലയൊലികൾ. മന്ത്രിമാർക്കും എം.എൽ.എ.മാർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ഒപ്പം നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും പഞ്ചായത്തംഗങ്ങളും അടക്കം വൻജനാവലി കടവല്ലൂർ അമ്പലനട സെൻററിൽ തടിച്ചുകൂടി. കാത്തിരിപ്പ് അധികം നീണ്ടില്ല. നിലവിലെ ജേതാക്കളായ കോഴിക്കോട്ടുകാർ കപ്പുമായി എത്തിയതോടെ ആവേശം അണപൊട്ടി.
കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ. സുരേഷ്കുമാറില്‍ നിന്ന് മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, മന്ത്രി എ.സി.മൊയ്തീന്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ എന്നിവർ ചേർന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങി. തുടർന്ന് 58ാം കലോത്സവത്തെ അനുസ്മരിപ്പിച്ച് 58 ബൈക്കുകളുടെ അകമ്പടിയോടെ പെരുമ്പിലാവ് സെൻററിലേക്ക്. ഒൗദ്യോഗിക സ്വീകരണ കേന്ദ്രമായ പെരുമ്പിലാവ് സെൻററിൽ വൻ ജനാവലിയാണ് കാത്ത് നിന്നത്. വാഹനങ്ങളിൽനിന്ന് മന്ത്രിമാർ ഇറങ്ങി നടന്നതോടെ ആവേശം അണപൊട്ടി. ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ അക്കിക്കാവ് സ്കൂളിലേക്ക് സ്വർണക്കപ്പിനെ ആനയിക്കുേമ്പാൾ അത് അപ്രഖ്യാപിത ഘോഷയാത്രയായി മാറി.
കടവല്ലൂർ കുട്ടികളുടെ പഞ്ചവാദ്യവും ചെണ്ടമേളവും വർണാഭ ഘോഷയാത്രക്ക് കൊഴുപ്പേകി. അക്കിക്കാവ് സ്കൂളിൽ തൃശൂർ ജില്ല ഉപഡയറക്ടർ കെ. സുമതിക്ക് സ്വർണക്കപ്പ് കൈമാറി. പിന്നീട് അത് പെട്ടിയിലേക്ക് മാറ്റി. പിന്നീട് അലങ്കരിച്ച തുറന്ന ജീപ്പിൽ കപ്പിെൻറ മാതൃകയുമായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കലോത്സവനഗരത്തിലേക്ക്. വൈകീട്ട് മൂന്നരയോടെ സ്വർണക്കപ്പ് തൃശൂർ നഗരത്തിലെത്തി.
അപ്പോഴേക്കും സ്വരാജ് റൗണ്ടിെൻറ ഇന്നർ റിങ്ങിൽ വിവിധ സ്കൂളിലെ കുട്ടികൾ കപ്പിനെ വരവേൽക്കാൻ കാത്ത് നിന്നിരുന്നു.കപ്പുമായി നീങ്ങിയ തുറന്ന ജീപ്പിനു പിന്നിൽ കുട്ടികൾ നീങ്ങി. പാറമേക്കാവ് ക്ഷേത്ര ജങ്ഷനിൽ നിന്ന് നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വർണക്കപ്പ് മുഖ്യവേദിയായ ‘നീർമാതള’ത്തിൽ എത്തിച്ചു. കപ്പ് പിന്നീട് ജില്ല ട്രഷറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.