ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും; മുതിരപ്പുഴയാർ, പെരിയാർ കരകളിൽ ജാഗ്രത നിർദേശം

തൊടുപുഴ: വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും. കല്ലാർകുട്ടി ഡാമിൽ നിന്നും സെക്കൻഡിൽ 300 ഘനയടി വെള്ളവും പാംമ്പ്ല ഡാമിൽ നിന്നും സെക്കൻഡിൽ 600 ഘനയടി വെള്ളവും ഒഴുക്കിവിടും.

രാവിലെ ആറു മണിക്ക് ശേഷം ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കിവിടാനാണ് ഇടുക്കി ജില്ല കലക്ടർ അനുമതി നൽകിയിട്ടുള്ളത്. വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ വീണ്ടും ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഇരു ഡാമുകളും തുറക്കാൻ തീരുമാനിച്ചത്.

456.59 മീറ്ററാണ് കല്ലാർകുട്ടി ഡാമിന്‍റെ പരമാവധി ജലനിരപ്പ്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 454 മീറ്ററാണ്. 455 മീറ്ററിൽ ജലനിരപ്പ് എത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടിയിൽ നേര്യമംഗലം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറിൽ നിർമിച്ചതാണ് കല്ലാർകുട്ടി ഡാം.

253 മീറ്ററാണ് പാംമ്പ്ല ഡാമിലെ പരമാവധി ജലനിരപ്പ്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 247.70 മീറ്ററാണ്. 252 മീറ്ററിൽ ജലനിരപ്പ് എത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലോവർ പെരിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാറിൽ നിർമിച്ചതാണ് പാംമ്പ്ല അണക്കെട്ട് (ലോവർ പെരിയാർ അണക്കെട്ട്).

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. അതേസമയം, റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല.

നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 27ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. അതേസമയം, തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.

Tags:    
News Summary - Kallarkutty and Pambla dams in Idukki will be opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.