വിവേക് കിരൺ, കൽപറ്റ നാരായണൻ, പിണറായി വിജയൻ
കോഴിക്കോട്: മകൻ വിവേക് കിരൺ ഒന്നിലും ഇടപെടാത്ത ആളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാർത്താസമ്മേളനത്തിലെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ കൽപറ്റ നാരായണൻ. ഒരു കമ്യൂണിസ്റ്റുകാരന്‍റെ മകൻ ഒന്നിലും ഇടപെടാതെ സമ്പന്നനായി ജീവിക്കുന്നുവെന്ന വാദം നൂറുകണക്കിന് ചെറുപ്പക്കാരെ തള്ളിപറയലാണെന്ന് കൽപറ്റ നാരായണൻ വ്യക്തമാക്കി. വടകരയിൽ എൽ.ഡി.എഫ് ഘടകകക്ഷിയായ ആർ.ജെ.ഡിയുടെ നേതാവ് കെ.കെ. രാഘവന്‍റെ അനുസ്മരണ പരിപാടിയിലായിരുന്നു പിണറായിക്കെതിരായ വിമർശനം.
'കമ്യൂണിസ്റ്റുകാരൻ മകൻ ആരായിരിക്കണമെന്നാണ് ആലോചിക്കുക. സോഷ്യലിസ്റ്റുകാരൻ ആരായിരിക്കണമെന്നാണ് ആലോചിക്കുക. അയാൾ കമ്യൂണിസ്റ്റാകണം എന്നാണ് ആലോചിക്കുക. ഇതൊരു പ്രിവിലേജഡ് ക്ലാസ് ആണെന്ന് മനസിലാക്കി കമ്യൂണിസത്തിൽ ചേർന്ന്, അതിൽ അഭിമാനിച്ച്,അതിന്‍റെ ബ്രതർഹുഡ് കൈയിൽ വെച്ച്, സഖാവേ എന്ന് മാത്രം വിളിച്ച്, എന്ത് നഷ്ടം വന്നാലും ശരി ഞാനൊരു സഖാവ് ആണല്ലോ എന്ന് അഭിമാനിക്കുന്ന ഒരാളുടെ മകൻ സഖാവ് ആകണമെന്നല്ലേ വിചാരിക്കേണ്ടത്. ഇതല്ലാ വഴി, പിന്നെ വഴിയേന്താ. സമ്പന്നനായി, ആഡംബരത്തോടെ, മറ്റൊന്നിലും ശ്രദ്ധിക്കാതെ, എന്ത് സംഭവിച്ചാലും ഭൂമിയിൽ തനിക്ക് കുഴപ്പമില്ലെന്ന വിചാരത്തിൽ, വിധത്തിൽ ഒരു കുഴപ്പത്തിനും കാരണക്കാരനായല്ലാതെ ജീവിക്കുന്ന ഒരു വലിയ തലമുറ വളർന്നു വരുമ്പോൾ, അതിൽ ഒരുവനാണെന്ന് അഭിമാനപൂർവം തന്‍റെ മകനെ കുറിച്ച് മുഖ്യമന്ത്രി പറയുമ്പോൾ, ജീവിതം പണയം വെച്ച് എത്ര അടിയാണ് കൊള്ളുന്നത്, എത്ര തല്ലാണ് കൊള്ളുന്നത്, എത്ര അഭിമാനമാണ് കൊള്ളുന്നത്, എത്ര ആരോപണങ്ങളാണ് ഒരു എസ്.എഫ്.ഐക്കാരനും ഒരു ഡി.വൈ.എഫ്.ഐകാരനും അനുഭവിച്ച് കൊണ്ടിരിക്കുന്നത്. അവഗണിക്കുകയല്ലേ ഈ വാക്കുകൾ' -കൽപറ്റ നാരായണൻ വ്യക്തമാക്കി.
ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഇ.ഡി. നോട്ടീസിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മകൻ വിവേക് കിരണിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന മാധ്യമവാർത്തകൾ ഇന്നലത്തെ വാർത്താസമ്മേളനത്തിൽ തള്ളുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. തന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മകന്‍റെ പേരിൽ അയച്ചതായി പറയുന്ന ഇ.ഡി സമൻസ് കിട്ടിയിട്ടില്ലെന്നും അങ്ങനെയൊന്ന് കിട്ടിയതായി മകനും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്:
'തന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മകന്‍റെ പേരിൽ അയച്ചതായി പറയുന്ന ഇ.ഡി സമൻസ് കിട്ടിയിട്ടില്ല. അങ്ങനെയൊന്ന് കിട്ടിയതായി മകനും പറഞ്ഞിട്ടില്ല. വലിയ എന്തോ ബോംബ് വരാനുണ്ടെന്ന് ചിലർ പറഞ്ഞിരുന്നു. സമൻസ് എന്തായാലും നനഞ്ഞ പടക്കമായി. ഈ ഏജൻസി എവിടെയാണ് സമൻസ് കൊടുത്തത്. ആരുടെ കൈയിലാണ് കൊടുത്തത്. ആർക്കാണ് അയച്ചത്. ആരുടെയും കൈയിൽ അതിന്‍റെ റിപ്പോർട്ടില്ലല്ലോ. മറുപടി കൊടുക്കേണ്ട കാര്യവും വന്നില്ലല്ലോ.
വാർത്ത വന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത് എന്ന് ചോദിച്ചു. എന്താ മുഖ്യമന്ത്രി പറയേണ്ടത്. അയച്ച കടലാസ് ഇങ്ങുതാ എന്ന് ഞാൻ പറയണോ. ഇവിടെ തെറ്റായ ഒരു ചിത്രം വരച്ചുകാട്ടാൻ നോക്കുകയാണ്. എന്നെ സമൂഹത്തിന് മുന്നിൽ കളങ്കിതനാക്കാൻ നോക്കുന്നു. അതുകൊണ്ടുമാത്രം ഞാൻ കളങ്കിതനാവുമോ. നിങ്ങളുടെ (മാധ്യമങ്ങളുടെ) എത്ര സ്നേഹവാത്സല്യങ്ങൾ നേരിട്ടയാളാണ് ഞാൻ. എന്നിട്ടും എനിക്കൊരു കൂസലും ഉണ്ടായിട്ടില്ല. ഒരഴിമതിയും എന്‍റെ ജീവിതത്തിൽ ഉണ്ടാവില്ല.
കളങ്കരഹിതമായി പൊതുജീവിതം കൊണ്ടുപോകാനാണ് ഞാൻ ശ്രമിച്ചത്. എന്‍റെ കുടുംബവും അതിനൊപ്പംനിന്നു. എന്‍റെ മക്കൾ രണ്ടുപേരും അതേനില സ്വീകരിച്ചു. എന്‍റെ മകനെ നിങ്ങളിൽ എത്രപേർ കണ്ടിട്ടുണ്ട്. അവനും കേരള മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്‍റെ ഇടനാഴിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങൾ. എവിടെയെങ്കിലും അവനെ നിങ്ങൾ കണ്ടിട്ടുണ്ടോ. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്ന് അവനറിയുമോ എന്ന് സംശയമാണ്.
ഒരു ദുഷ്പേരും എനിക്കുണ്ടാകത്തക്ക രീതിയിൽ എന്‍റെ രണ്ടുമക്കളും പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടാണ് മകൾ വീണക്കെതിരെ പലതും ഉയർത്തിക്കൊണ്ടുവരാൻ നോക്കിയപ്പോഴും ഞാൻ ചിരിച്ചുനേരിട്ടത്. അത് വേണ്ടത്ര ഏശുന്നില്ല എന്ന് കണ്ടപ്പോൾ മര്യാദക്കൊരു ജോലിയെടുത്തവിടെ കഴിയുന്ന മകനെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് വിവാദത്തിലുൾപ്പെടുത്താൻ നോക്കുകയാണ്. ജോലി, പിന്നെ വീട് എന്നതാണ് മകന്‍റെ രീതി. ഒരു പൊതുപ്രവർത്തനവുമില്ല.
തെറ്റായ ഒരുകാര്യത്തിനും പോയിട്ടില്ല. അങ്ങനെ ജീവിച്ചിട്ടില്ല. ഒരു ദുഷ്പേരും എനിക്കുണ്ടാക്കിയിട്ടില്ല. രണ്ടുമക്കളും എന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിനും ശീലങ്ങൾക്കും നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. ഞാനതിൽ അഭിമാനിക്കുകയാണ്. ഇതൊക്കെ ഉയർത്തിക്കാട്ടി എന്നെ പ്രായസപ്പെടുത്താം എന്ന് തെറ്റിദ്ധരിക്കേണ്ട. ഞാൻ നടത്തിയ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ്' -പിണറായി കൂട്ടിച്ചേർത്തു.
അതിനിടെ, മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചെന്നതുമായി ബന്ധപ്പെട്ട സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രതികരണം വസ്തുതകൾ മനസ്സിലാക്കിയാവില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. വാർത്തകൾ കണ്ടപ്പോൾ അദ്ദേഹം അതിനോട് പ്രതികരിച്ചതാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസ് ഇ.ഡി പിൻവലിച്ചു എന്നാണ് ബേബി പറഞ്ഞത്. കെട്ടിച്ചമച്ച നോട്ടീസാണ് അയച്ചത്. അസംബന്ധം എന്നുകണ്ട് അവർക്കുതന്നെ പിൻവലിക്കേണ്ടിവന്നു എന്നുമാണ് ബേബി കഴിഞ്ഞ ദിവസം ചെന്നൈയിൽ പറഞ്ഞതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.