കളമശ്ശേരി സ്ഫോടനം : സാമൂഹ്യ മാധ്യമങ്ങളിലെ വർഗീയ പ്രചരണത്തിനെതിരെ ഐ.എൻ.എൽ പരാതി നൽകി

എറണാകുളം കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വർഗീയ വിദ്വേഷ സന്ദേശങ്ങൾക്ക്‌ കാരണമായ ഔദ്യോഗിക പേജുകൾക്കെതിരെ ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് ഡി.ജി.പിക്ക്‌ പരാതി നൽകി.

ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, വി.എച്ച്.പി സംസ്ഥാന അധ്യക്ഷ കെപി ശശികല ടീച്ചർ, മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ എഡിറ്റർ ഷാജൻ സ്കരിയ, കർമ്മ ന്യൂസ്‌, തീവ്ര വർഗീയ ഗ്രൂപ്പായ 'കാസ' എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വന്ന അടിസ്ഥാനരഹിതമായ വർഗീയ വംശീയ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ഈ ദുഷ്പ്രചാരണങ്ങൾക്ക് കാരണമായത്.

നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിനും, മത സമുദായിക സൗഹാർദത്തിന് ക്ഷതം വരുത്തുന്നതിനും, സമൂഹത്തിൽ വർഗീയ വംശീയ വിഭജനം സൃഷ്ടിക്കുന്നതിനുമായി ആസൂത്രിതവും ബോധപൂർവ്വവും നടത്തിയ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പരാതിയിൽ പറഞ്ഞു.

ബി.ജെ.പിയുടെ ദേശീയ നേതാക്കളും വ്യാജ പ്രചാരണങ്ങൾ ഏറ്റുപിടിച്ചു. മുസ്ലിംകളെ ഉന്നം വെച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ ട്വിറ്റർ, ഫേസ്ബുക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.  പ്രതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾ കേരളത്തെ തകർക്കാനുള്ള സംഘപരിവാർ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എൻ.കെ അബ്ദുൽ അസീസ് പറഞ്ഞു.

Tags:    
News Summary - Kalamassery blast: INL filed a complaint against communal propaganda on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.