‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്: റിബേഷിന്റെ ജാമ്യഹരജിയിൽ വിധി നിർണായകം; പ്രോസിക്യൂഷൻ നിലപാട് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

കോഴിക്കോട്: വടകരയിലെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ, ആരോപണവിധേയനായ ഡി.വൈ.എഫ്.ഐ മുൻ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യഹരജി കോഴിക്കോട് ജില്ല സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം തന്നെ പ്രതിചേർക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് റിബേഷ് കോടതിയെ സമീപിച്ചത്.

കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ, ജാമ്യഹരജിയിൽ പ്രോസിക്യൂഷൻ സ്വീകരിക്കുന്ന നിലപാട് ഏറെ ശ്രദ്ധേയമാകും. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമാണിത്. അതിനാൽ, ജാമ്യഹരജിയെ പ്രോസിക്യൂഷൻ എതിർക്കുമോ എന്നതിലാണ് രാഷ്ട്രീയ കേരളത്തിന്റെ കണ്ണ്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടും വിശദീകരണങ്ങളും വിധിയിൽ നിർണായകമാകും.

അതേസമയം, വിവാദ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചവരിൽ ഉൾപ്പെട്ട റിബേഷിനെതിരെ ഇതുവരെ കർശന നടപടികളോ അറസ്റ്റോ രേഖപ്പെടുത്താത്തതിൽ യു.ഡി.എഫ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. അന്വേഷണ സംഘത്തിന്റെ ഈ നിലപാടിനെതിരെ കോൺഗ്രസ്, ലീഗ് നേതാക്കൾ ശക്തമായ പ്രതിഷേധത്തിലാണ് രംഗത്തുള്ളത്. യഥാർഥ പ്രതികളെയും സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെയും സംരക്ഷിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കനത്ത രാഷ്ട്രീയ പോരാട്ടത്തിന് കാരണമായ സംഭവമായിരുന്നു ഇത്. വോട്ടർമാർക്കിടയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ സന്ദേശം ആദ്യം പ്രചരിച്ചത് ഇടത് അനുകൂല സോഷ്യൽ മീഡിയ പേജുകളിലും ഗ്രൂപ്പുകളിലുമാണെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചിരുന്നു. സ്ക്രീൻഷോട്ടിന്റെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ പരസ്യമായി വെല്ലുവിളിച്ച് ജാമ്യത്തിലിറങ്ങിയ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കരൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. താൻ 200 പേർക്ക് സ്‌ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ചെയ്തുവെന്ന പൊലീസ് വാദത്തെ തള്ളിക്കൊണ്ടാണ് ജിതിൻ രംഗത്തെത്തിയത്. ഫെയ്സ്ബുക്കിലൂടെയാണ് ജിതിൻ തന്റെ ഭാഗം വ്യക്തമാക്കിയത്. കേസ് കോടതിയുടെ പരിഗണനയിലായതിനാലും പാർട്ടി നേതൃത്വത്തിന്റെ നിർദേശമുള്ളതിനാലും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, തന്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റുമായി ബന്ധപ്പെട്ട പൊലീസ് വാദങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു.

തന്റെ വാട്സാപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ 250ഓളം ആളുകളുണ്ട്. ഇതിൽ തിരുവള്ളൂരിലെ അടിയുറച്ച കോൺഗ്രസുകാരും, തന്റെ സുഹൃത്തുക്കളും, കോൺഗ്രസ് അനുഭാവികളായ അയൽവാസികളും, അയൽവാസികളുടെ മക്കളുമെല്ലാം ഉൾപ്പെടുന്നുണ്ട്.

വികസന നേട്ടങ്ങളും പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങളും തുറന്നുകാട്ടുന്ന ആശയങ്ങളും പങ്കുവെക്കാനാണ് താൻ ഈ ബ്രോഡ്കാസ്റ്റ് സംവിധാനം സാധാരണയായി ഉപയോഗിക്കാറുള്ളത്.

വിവാദമായ സ്‌ക്രീൻഷോട്ട് താൻ 200 പേർക്ക് ബ്രോഡ്കാസ്റ്റ് ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. താൻ ഈ സ്‌ക്രീൻഷോട്ട് അയച്ചതായി തന്റെ ലിസ്റ്റിലുള്ള കോൺഗ്രസുകാരുടെയോ മറ്റാരുടെയെങ്കിലുമോ കൈയിൽ നിന്ന് ചുരുങ്ങിയത് 10 പേർക്കുള്ള തെളിവ് (സ്‌ക്രീൻഷോട്ട്) പുറത്തുവിടാനും ജിതിൻ വെല്ലുവിളിച്ചു.

Tags:    
News Summary - 'Kafir' Screenshot Case: Rhibesh's bail plea verdict crucial; Kerala politics eyes prosecution stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.