വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെ എസ്.ഐ.ടി ചോദ്യം ചെയ്തു. ഡി.വൈ.എഫ്.ഐ വടകര േബ്ലാക്ക് കമ്മിറ്റി അംഗം, സി.പി.എം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കരനെയാണ് ശനിയാഴ്ച ചോദ്യം ചെയ്തത്. ജിതിൻ ഭാസ്കരന്റെ മൊബൈൽ ഫോൺ എസ്.ഐ.ടി ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജിതിൻ ഭാസ്കർ അഡ്മിനായ വടകര സ്ക്വാഡ് വാട്സ്ആപ് ഗ്രൂപ്പിലാണ് കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ജിതിൻ ഉൾപ്പെടെ പത്ത് ഇടത് സൈബർ പോരാളികളാണ് വടകര സ്ക്വാഡിന്റെ അഡ്മിൻമാർ.
വടകര സ്ക്വാഡിന് പിന്നാലെ റെഡ് എൻകൗണ്ടർ, പോരാളി ഷാജി തുടങ്ങിയ നിരവധി ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും പോസ്റ്റ് പ്രചരിക്കുകയായിരുന്നു. ജിതിൻ ഭാസ്കറിനെ ചോദ്യം ചെയ്തതിലൂടെ നിർണായ വിവരങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചതായി സൂചനയുണ്ട്. തിരുവള്ളൂർ കേന്ദ്രീകരിച്ചാണ് കാഫിർ സ്ക്രീൻ ഷോട്ട് ഗൂഡാലോചന നടന്നതെന്ന് എസ്.ഐ.ടിക്ക് ലഭിച്ച പ്രാഥമിക വിവരം. കാഫിർ സ്ക്രീൻ ഷോട്ട് അന്വേഷണം ഡി.വൈ.എഫ്.ഐ വടകര േബ്ലാക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനിലാണ് അവസാനമായി എത്തിയിരുന്നത്. റിബേഷിന് കാഫിർ സ്ക്രീൻ ഷോട്ട് ലഭിച്ചത് ജിതിൻ ഭാസ്കറി ലൂടെയാണെന്നാണ് വിവരം. നേരത്തെ റിബേഷ് രാമകൃഷ്ണനിൽ അവസാനിച്ച കേസിൽ എസ്.ഐ.ടി അന്വേഷണം ഒറ്റ ദിവസം കൊണ്ട് ഒരു പടികൂടി മുന്നോട്ട് പോയിട്ടുണ്ട്. ജിതിൻ ഭാസ്കറിനെ എസ്.ഐ.ടി ചോദ്യം ചെയ്ത് വിട്ടെങ്കിലും വീണ്ടും ഹാജരാകാൻ ആവശ്യപെട്ടിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്താണ് സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യമിട്ട് കാഫിർ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. ഇടത് സൈബർ ഗ്രൂപ്പുകളിലാണ് പോസ്റ്റ് ഫോർവേർഡ് ചെയ്യപ്പെട്ടതെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണ് പോസ്റ്റ് സൃഷ്ടിച്ചതെന്ന നിഗമനത്തിലാണ് എസ്.ഐ.ടി. പോസ്റ്റ് ഫോർവേഡ് ചെയ്തവർ ഉൾപ്പെടെ നേരത്തെ ചോദ്യം ചെയ്തു വിട്ടയച്ച മുഴുവൻ പേരെയും എസ്.ഐ.ടി ചോദ്യം ചെയ്യും. പോസ്റ്റ് ഫോർവേഡ് ചെയ്തവരെ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർക്കാനാണ് എസ്.ഐ.ടി നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.