ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം, ജീവനക്കാർക്കും ബാധകം; നിർദേശം നൽകി നിയുക്ത ഗവർണർ
തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശം. വെള്ളിയാഴ്ച ഉച്ചക്കാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതെങ്കിലും അതിന് മുന്നോടിയായി ലോക്ഭവന് നൽകിയ മാർഗനിർദേശങ്ങളിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുക മാത്രമല്ല, ജീവനക്കാരും വെജിറ്റേറിയൻ മാത്രമേ കഴിക്കാവൂ എന്നും നിർദേശത്തിലുണ്ട്. മുമ്പ് പല ഗവർണർമാരും മത്സ്യ, മാംസാഹാരങ്ങൾ കഴിക്കുകയും അത്തരം ആഹാരങ്ങൾ ഇവിടെ അതിഥികൾക്ക് വിളമ്പുകയും ചെയ്തിരുന്നു. അതിനെല്ലാം തടയിട്ടാണ് നിയുക്ത ഗവർണറുടെ നിർദേശം.
മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ കാലത്ത് ലോക്ഭവനിൽ മത്സ്യവിഭവങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. അതിഥികളും ജീവനക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിലും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.
അതേസമയം, കേരളത്തിന്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഉച്ച 12.15ന് ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ മന്ത്രിമാരും പ്രമുഖരും പങ്കെടുക്കും. വ്യാഴാഴ്ച സന്ധ്യയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ലോക്ഭനിലേക്ക് പോയി.
ഗവർണർ സ്ഥാനമൊഴിഞ്ഞ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് വ്യാഴാഴ്ച മുഖ്യമന്ത്രി യാത്രയയപ്പ് വിരുന്ന് ഒരുക്കി. ഹയാത്ത് റീജൻസിയിലെ വിരുന്നിൽ പ്രമുഖരുൾപ്പെടെ പങ്കെടുത്തു. ആര്‍ലേക്കറുമായി സര്‍ക്കാറിന് ഊഷ്മള ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഗവര്‍ണറാണ് ആര്‍ലേക്കറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സാധാരണക്കാരുമായി ഏറ്റവും അടുത്തിടപഴകിയ ആളായിരുന്നുവെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ നല്കിയ സ്നേഹവായ്പ് തിരിച്ചുനല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തമിഴ്നാട് ഗവർണറായി ചുമതലയേറ്റ അദ്ദേഹത്തിന് രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയയപ്പുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.