ലേബർ കോഡ് ഉടനില്ല; പ്രത്യേക സമിതി രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ലേബർ കോഡ് ഉടൻ നടപ്പാക്കേണ്ടതില്ലെന്ന് സർക്കാർ. വിഷയം പഠിക്കാൻ ട്രേഡ് യൂനിയൻ പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപവത്കരിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 22 ട്രേഡ് യൂനിയൻ ഭാരവാഹികൾ പങ്കെടുത്തു. ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപവത്കരിക്കുന്നതിനാവശ്യമായ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുകയാണ് കമ്മിറ്റിയുടെ ചുമതല. തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡീഷനൽ സെക്രട്ടറി അംഗമായും പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ വിവിധ തൊഴിലാളി യൂനിയനുകളിൽനിന്നുള്ള ഏഴു പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. സമിതി രൂപവത്കരിച്ച് 10 ദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കണം.
എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായവ പരിഗണിക്കുകയും ചെയ്തശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമപരമായ പരിധിക്കുള്ളിൽനിന്ന് ലേബർ കോഡിന്റെ ആഘാതം കുറച്ച് തൊഴിലാളി താൽപര്യങ്ങളെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കും. കേരളം രൂപവത്കരിക്കുന്ന ലേബർ ചട്ടങ്ങൾ രാജ്യത്തിന് മാതൃകയാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി നിർണയിച്ചതുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തും. 2021ൽ തയാറാക്കിയ കരടിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കുന്നതിന് തൊഴിലാളി യൂനിയനുകൾക്ക് അവസരം നൽകും.
പ്രത്യേക സമിതി തയാറാക്കുന്ന കരട് നിർദേശങ്ങൾ എല്ലാ ട്രേഡ് യൂനിയനുകൾക്കും കൈമാറും. കൂടാതെ, കമ്മിറ്റിയുടെ സിറ്റിങ്ങുകളിൽ നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുന്നതിന് മറ്റ് ട്രേഡ് യൂനിയനുകൾക്കും അവസരമുണ്ടാകും. തൊഴിൽ കോഡുകളെക്കുറിച്ച് പഠിക്കാനും ഭേദഗതികൾ നിർദേശിക്കാനും കഴിഞ്ഞ സർക്കാർ ജസ്റ്റിസ് വി. ഗോപാൽ ഗൗഡ അധ്യക്ഷനായി വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. സമിതി 2026 മാർച്ചിൽ മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് ലേബർ കമീഷണർക്ക് കൈമാറിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് വന്നതോടെ തുടർനടപടികളുണ്ടായില്ല.
പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം റിപ്പോർട്ട് നടപ്പാക്കണമെന്ന് സി.ഐ.ടി.യു ഉൾപ്പെടെ തൊഴിലാളി സംഘടനകളും ഇടതുപക്ഷവും ആവശ്യപ്പെട്ടിരുന്നു.
എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കും
എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായവ പരിഗണിക്കുകയും ചെയ്തശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. നിയമപരമായ പരിധിക്കുള്ളിൽനിന്ന് ലേബർ കോഡിന്റെ ആഘാതം കുറച്ച് തൊഴിലാളി താൽപര്യങ്ങളെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.