'ആരോഗ്യ വകുപ്പ് തുലച്ച മൂന്ന് പേരാണ്, പുല്ലുവില പോലും നൽകുന്നില്ല'; മുൻ ആരോഗ്യമന്ത്രിമാരുടെ വിമർശനത്തിൽ കെ. മുരളീധരൻ
തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രിമാരായ വീണാ ജോർജ്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ തനിക്കെതിരെ നടത്തിയ രൂക്ഷവിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. മുൻ മന്ത്രിമാരുടെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് കൊണ്ടുപോയി തുലച്ച മൂന്നുപേരുടെ വിമർശനങ്ങൾക്ക് പുല്ലുവില പോലും നൽകുന്നില്ലെന്നും കെ. മുരളീധരൻ പ്രതികരിച്ചു.
"ആരോഗ്യവകുപ്പ് കൊണ്ടുപോയി തുലച്ച മൂന്നുപേരാണ് ഇവർ. അതുകൊണ്ടുതന്നെ ഇവരുടെ ആരോപണങ്ങൾക്ക് പുല്ലുവില പോലും നൽകുന്നില്ല. മൂന്നുപേരും അഞ്ചുകൊല്ലം സ്വസ്ഥമായിരിക്കുക, യു.ഡി.എഫ് ഈ വകുപ്പ് നന്നായി ഭരിച്ചോളാം," എന്ന് കെ. മുരളീധരൻ തിരിച്ചടിച്ചു.
ആരോഗ്യവകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങളാണെന്നും മരുന്നു കമ്പനികളുമായുള്ള മന്ത്രിയുടെ ബന്ധം അന്വേഷിക്കണമെന്നും സംയുക്ത വാർത്താസമ്മേളനത്തിലാണ് മുൻ മന്ത്രിമാർ ആരോപിച്ചത്. എസ്.എം.എ ബാധിച്ച കുട്ടികളിൽ സുതാര്യമല്ലാതെ ക്ലിനിക്കൽ ട്രയൽ നടത്തി പരീക്ഷണ വസ്തുവാക്കിയെന്നും ഇവർ ആരോപിച്ചിരുന്നു. കൂടാതെ കഴിഞ്ഞ 10 വർഷക്കാലത്ത് തങ്ങൾ ആരോഗ്യ മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചുവെന്നും മന്ത്രി കെ. മുരളീധരൻ വാക് സാമർത്ഥ്യം മാത്രം പോരാ, നീതിബോധത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും മുൻമന്ത്രിമാർ പരിഹസിച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് മുൻ ഭരണാധികാരികളുടെ പ്രവർത്തന പരാജയത്തെ ചൂണ്ടിക്കാട്ടി മന്ത്രി കെ. മുരളീധരൻ കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.