പിണറായി വിജയൻ 

മാസപ്പടി: പിണറായിയുടെ അപ്പീൽ വീണ്ടും ഡിവിഷൻ ബെഞ്ചിൽ

കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, ഇവരുടെ സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകിയ സി.പി.എം നേതാവ് പി. നിഖിൽ. കെ. വാരിസ്, ഷൈജൽ, എം. നന്ദുലാൽ എന്നിവരാണ് അപ്പീൽ നൽകിയിരുന്നത്.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും വിജിലൻസ് അന്വേഷണം 10 ദിവസത്തേക്ക് തടയുകയും ചെയ്തതിനെ തുടർന്നാണ് വീണ്ടും അപ്പീൽ പരിഗണിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് ഹരജിക്കാർ ഹൈകോടതിയിൽ ഹാജരാക്കി. സിംഗിൾ ബെഞ്ചിലെ കേസിൽ കക്ഷിയല്ലാത്തതിനാലാണ് നേരത്തെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി വിജയനടക്കം ഉപഹരജികൾ നൽകിയത്. ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളിയതിനെ തുടർന്ന് ഇവർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സി.എം.ആർ.എൽ-എക്സാലോജിക് കമ്പനികൾ ഉൾപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന് പകരം പ്രാഥമികാന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം രൂപവത്കരിച്ച സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമെന്ന് വിലയിരുത്തിയാണ് കേസെടുത്ത് അന്വേഷിക്കാൻ സിംഗിൾബെഞ്ച് വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ ഹരജിയിലായിരുന്നു ഉത്തരവ്. എന്നാൽ, തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി ഉൾപ്പെടെ അപ്പീൽ നൽകിയത്.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പണം ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനുമുള്ള തെളിവുകൾ ഇ.ഡി കൈമാറിയ വിവരങ്ങളിലില്ലെന്ന് ഹരജിക്കാർ പറയുന്നു. ഹരജി ശനിയാഴ്ച ആദ്യം പരിഗണിച്ച ബെഞ്ചല്ലാത്ത മറ്റൊരു ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്കെത്തും.

Tags:    
News Summary - Masapadi Case: Pinarayi’s Appeal Before the Division Bench

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.