സിനഗോഗ് ആക്രമണം: എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ അന്വേഷണ സംഘം മഹാരാഷ്ട്രയിലെ പുണെയിൽ. പ്രതി എബിൻ പോളിന്‍റെ മുൻകാല പശ്ചാത്തലം മനസ്സിലാക്കുകയും ഇയാൾ പഠിച്ച സ്ഥാപനത്തിൽ നിന്നടക്കം വിവരങ്ങൾ ശേഖരിക്കുകയുമാണ് ലക്ഷ്യം. ഡാർക്ക് വെബ്, ലഹരി എന്നിവയുമായി ബന്ധപ്പെട്ട രാജ്യാന്തര സംഘങ്ങളുമായി എബിൻ നേരത്തെ ബന്ധം പുലർത്തിയിരുന്നോ എന്നതടക്കം വിവരങ്ങൾ ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നു.

അതിനിടെ, എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും സമീപത്തെ ബേക്കറിക്കും ആളൊഴിഞ്ഞ വീടിനും തീവെച്ച സംഭവങ്ങളിലാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രതിയുടെ ഫോണിന്‍റെ ഫോറൻസിക് പരിശോധനാഫലം പുറത്തുവരുന്നതോടെ സംഭവത്തിന്‍റെ ചുരുളഴിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സിനഗോഗിന് മുന്നിൽ തീവെപ്പ് നടത്താൻ നിർദേശം നൽകിയത് ‘ബോസ്’ ആണെന്നാണ് എബിൻ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട്, വിക്രം എന്നയാളുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞു. ഈ സാഹചര്യത്തിൽ ബോസും വിക്രമും ഒരാളാണോ, അന്വേഷണം വഴിതെറ്റിക്കാൻ പ്രതി നടത്തുന്ന തന്ത്രപരമായ നീക്കമാണോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത പ്രതിയെ ഫോണിന്‍റെ ഫോറൻസിക് പരിശോധനാഫലം പുറത്തുവന്നശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Tags:    
News Summary - Synagogue Attack: More Cases Registered Against Abin Paul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.