മുസ്‍ലീം ലീഗ് നേതാവ് പാറക്കൽ അബ്ദുളളക്കും യൂത്ത് ലീഗ് നേതാക്കൾ​ക്കുമൊപ്പം ഖാസിം റൂറൽ എസ്.പി ഓഫീസിൽ പരാതി നൽകാനെത്തിയപ്പോൾ 

‘കാഫിർ’ സ്ക്രീൻഷോട്ട്; യഥാർത്ഥ പ്രതികളെ പിടികൂടാൻ റൂറൽ എസ്.പിക്ക് പരാതി നൽകി ആരോപണ വിധേയനായ ഖാസിം

കോഴിക്കോട്: വടകരയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം പ്രചരിച്ച ‘കാഫിർ’ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തെണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയനായ ഖാസിം ‌റൂറൽ എസ്.പിക്ക് പരാതി നൽകി. പ്രചരിച്ച സ്ക്രീൻ ഷോട്ട് വ്യാജമാണെന്നും ‘കാഫിർ’ സ്ക്രീൻഷോട്ടിന് പിന്നിലുള്ള യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

മുൻ എം.എൽ.എയും മുസ്‍ലീം ലീഗ് നേതാവുമായ പാറക്കൽ അബ്ദുള്ളയോടൊപ്പമാണ് ഖാസിം പരാതി നൽകിയത്. ഖാസിമിന്റെ പേരിലാണ് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. ഇത് വലിയ രീതിയിൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. നേരത്തെ, പൊലീസിൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ ഇടാൻ പോലും പൊലീസ് തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും എസ്.പിക്ക് പരാതി നൽകിയിരിക്കുന്നതെന്ന് പാറക്കൽ അബ്ദുല്ല ഫേസ് ബുക്കിൽ കുറിച്ചു.

കുറിപ്പ് പൂർണരൂപത്തിൽ

ഇന്ന് വീണ്ടും വടകര റൂറൽ എസ്.പി ഓഫീസിൽ ഖാസിമിനോടൊപ്പം പോയി.

👉 പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് വൈകുന്നേരം പ്രചരിച്ച വ്യാജ 'കാഫിർ' സ്ക്രീൻഷോട്ടിന് പിന്നിലുള്ള യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാനാണ് വടകര എസ്.പി.യെ കണ്ടത്.

👉 വ്യാജ സ്ക്രീൻഷോട്ട് പുറത്ത് വന്നു മണിക്കൂറുകൾക്കകം ഖാസിം പോലീസിൽ നൽകിയ പരാതിയിൽ ഇത് വരെ എഫ്.ഐ.ആർ ഇടാൻ പോലും പോലീസ് തയ്യാറായിട്ടില്ല. അത് കൊണ്ടാണ് ഇന്ന് വീണ്ടും എസ്.പി ക്ക് പരാതി നൽകേണ്ടി വന്നത്.

👉 'അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ' എന്ന സിപിഎം പേജിലൂടെയാണ് ഈ വ്യാജ സ്ക്രീൻഷോട്ട് പുറത്ത് വന്നത്. അപ്‌ലോഡ് ചെയ്ത് പതിനഞ്ച് മിനുട്ടുകൾക്കകം പ്രസ്തുത പോസ്റ്റ്‌ പേജിൽ നിന്ന് നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിൻമാരെ കണ്ടെത്തി അവരെ ചോദ്യം ചെയ്താൽ വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ കഴിയുമെന്നിരിക്കെ അത്തരത്തിലുള്ള ഒരു നീക്കവും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ഇന്ന് എസ്.പി.യെ സന്ദർശിച്ചപ്പോൾ മനസ്സിലായത്.

👉 ഈ കേസിൽ ആരോപണവിധേയനായ ഖാസിം തന്നെ പലതവണ പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും തന്റെ ഫോൺ വിദഗ്ദ പരിശോധനക്ക് സമർപ്പിച്ചിട്ടും പോലീസ് അന്വേഷണം വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇനി ഖാസിമാണ് ഇതിനു പിന്നിലെന്ന സി.പി.എം ആരോപണം ശരിയായിരുന്നെങ്കിൽ ഇതിനകം ഖാസിം അഴിക്കുള്ളിലാകുമായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. ഇത് തന്നെയാണ് എസ്.പി.യുമായി സംസാരിച്ചപ്പോൾ അദ്ദേഹം പങ്ക് വെച്ചതും.

👉 ശൂന്യതയിൽ നിന്നും നുണ ബോംബ് പൊട്ടിച്ച് നാട്ടിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികൾക്കെതിരെയുള്ള നിയമ പോരാട്ടം തുടരുക തന്നെ ചെയ്യും.

Tags:    
News Summary - 'Kaffir' screenshot; Complaint to Rural SP to arrest the real accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.