വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നു; അഭിഭാഷകനെതിരെ വക്കീൽ നോട്ടീസയച്ച് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: അപകീർത്തിപരമായ പരാതി നൽകി വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനെതിരെ വക്കീൽ നോട്ടീസയച്ച് സി.പി.എം നേതാവും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ. അഡ്വ.എം മുനീറിനെതിരെയാണ് കടകംപള്ളി സുരേന്ദ്രൻ വക്കീൽ നോട്ടീസയച്ചത്. 5 ദിവസത്തിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയും ഒരുകോടിരൂപ നഷ്ടരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും അഡ്വ. ശാസ്തമംഗലം അജിത് മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.

മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി ലഭിച്ചിരുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതാവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ എം. മുനീറാണ് കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയത്.

2016 മുതൽ 2021 വരെ മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നതുമായ യുവതി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

കടകംപള്ളി സുരേന്ദ്രന്‍റെ ഭാഗത്തുനിന്ന് മോശമായ സംഭാഷണവും ലൈംഗിക ദുരുദ്ദേശത്തോടുകൂടിയുള്ള പെരുമാറ്റവും ഉണ്ടായെന്നായിരുന്നു സ്വർണക്കടത്ത് കേസിൽ പ്രതി കൂടിയായ യുവതിയുടെ വെളിപ്പെടുത്തല്‍.

ഒരുസമ്മേളനത്തിൽ വെച്ച് ഫോട്ടോ എടുക്കുന്ന സമയം തന്റെ അനുവാദമില്ലാതെ കടകംപള്ളി സുരേന്ദ്രൻ തോളിൽ കൈയിട്ടുവെന്നും അത് ഇഷ്ടപ്പെടാതെ കൈതട്ടി മാറ്റിയെന്നും യുവതി പറഞ്ഞിരുന്നു. പല ദിവസങ്ങളിലും ഫോണിൽ ലൈംഗിക ചുവയോടെ സന്ദേശം അയക്കുമായിരുന്നുവെന്നും അവർ അന്ന് വെളിപ്പെടുത്തി.

കടകംപള്ളിയുടെ പ്രവര്‍ത്തി ആ കാലയളവിലെ ഇന്ത്യന്‍ ശിക്ഷാനിയമം 354, 354 എ, 354 ഡി, 509 വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. നടപടി പ്രഥമദൃഷ്ടിയില്‍ കുറ്റകരമാണെന്നിരിക്കെ പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തും കടകംപള്ളിയുടേതെന്ന തരത്തില്‍ അശ്ലീലച്ചുവയോടെ സ്ത്രീകളോട് സംസാരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. മന്ത്രിയായിരുന്ന സമയത്ത് ഓഫിസിലെത്തുന്ന സ്ത്രീകളുടെ ഫോണ്‍നമ്പറുകള്‍ കൈക്കലാക്കി, പിന്നീട് മോശംരീതിയില്‍ അവരെ സമീപിച്ചിരുന്നുവെന്നും ഈ ആരോപണങ്ങളിൽ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും എം. മുനീര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Kadakampally Surendran sends legal notice against lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.