വ്യാജ രേഖ കേസിൽ മുൻകൂർ ജാമ്യം തേടി കെ. വിദ്യ

കൊച്ചി: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ മുൻകൂർ ജാമ്യം തേടി എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ. ഹൈകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. വ്യാജ രേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബെഞ്ച് മുമ്പാകെയാണ് കേസ് വരിക.

അതേസമയം, വിദ്യയെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. വിദ്യയുടെ ഒളിയിടം കണ്ടെത്താൻ സഹായം ആവശ്യമാണെന്നാണ് അഗളി പൊലീസ് സൈബർ സെല്ലിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അന്വേഷണസംഘം വിദ്യയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. തൃക്കരിപ്പൂർ മണിയനൊാടിയിലെ വീട്ടിലെത്തിയ സംഘം ബന്ധുവിന്റെയും അയൽവാസിയുടേയും സാന്നിധ്യത്തിൽ ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ജൂൺ മൂന്നിന് കോട്ടത്തറ ആർ.ജി.എം കോളജിൽ നടന്ന ഗെസ്റ്റ് ലെക്ചറർമാരുടെ മുഖാമുഖത്തിൽ പങ്കെടുത്ത വിദ്യ മഹാരാജാസ് കോളജിൽ രണ്ടു വർഷം പഠിപ്പിച്ചിരുന്നതായി വ്യാജ രേഖ സമർപ്പിച്ചെന്നാണ് കേസ്. മഹാരാജാസിലെ മുൻ അധ്യാപികയായിരുന്ന ലാലിമോൾക്ക് തോന്നിയ സംശയത്തിൽ മഹാരാജാസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വ്യാജ രേഖയാണെന്ന് വ്യക്തമായത്. ഇക്കാലയളവിൽ മഹാരാജാസ് മലയാളം വിഭാഗത്തിൽ താൽക്കാലിക നിയമനം നടത്തിയിട്ടില്ലെന്നാണ് കോളജ് അധികൃതർ വ്യക്തമാക്കുന്നത്. കാസർകോട് കരിന്തളം ഗവ. കോളജിലും ഇതേ വ്യാജരേഖ സമർപ്പിച്ചാണ് കഴിഞ്ഞ വർഷം മലയാളം അധ്യാപികയായി ജോലി നേടിയതെന്ന പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - K Vidya sought anticipatory bail in the fake document case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.