കെ. സുധാകരൻ, എന്.എം. വിജയൻ

എൻ.എം. വിജയന്റെ ആത്മഹത്യ: കെ. സുധാകരനെ ചോദ്യംചെയ്യും

കൽപറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം.വിജയൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ ചോദ്യംചെയ്യും. എൻ.എം.വിജയൻ മുമ്പ് എഴുതിയ കത്ത് തനിക്ക് ലഭിച്ചിരുന്നതായി കെ.സുധാകരൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യുന്നത് എന്നാകും എന്ന കാര്യത്തിൽ തീരുമാനം വൈകാതെ ഉണ്ടാകും.

ബത്തേരി അർബൻ ബാങ്കിലെ നിയമനപ്രശ്നവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത എൻ.എം.വിജയൻ എഴുതിയ കത്ത് ലഭിച്ചിരുന്നതായി കെ. സുധാകരൻ പറഞ്ഞിരുന്നുവെങ്കിലും കത്ത് താൻ വായിച്ചിട്ടില്ലെന്നും അതിനോടൊപ്പം സുധാകരൻ പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ചായിരുന്നു എൻ.എം.വിജയൻ കത്ത് അയച്ചിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായാകും അന്വേഷണ സംഘം സുധാകരനെ ചോദ്യം ചെയ്യുക.

കേസുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചനെയും കെ.കെ.ഗോപിനാഥനെയും തിങ്കളാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ 25-ാം തീയതിക്കുള്ളിൽ ഹാജരായാൽ മതിയെന്ന് കോടതി നിർദേശിച്ചിരുന്നു. വരുന്ന മൂന്നു ദിവസത്തിനകം എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം. എൻ.എം വിജയന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ വിജിലൻസ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ചേർത്തിയിട്ടുണ്ട്.

കേസിൽ പ്രതിചേർക്കപ്പെട്ട മൂന്ന് കോൺഗ്രസ് നേതാക്കൾക്കും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിർദ്ദേശിച്ചിരുന്നു. ഡിസംബർ 25നാണ് ഡി.സി.സി ട്രഷറർ ആയിരുന്ന എൻ.എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിക്കുകയായിരുന്നു.

Tags:    
News Summary - K Sudhakaran will be interogated in relation with NM Vijayan's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.