തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ആശ സമരവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സമീപനത്തിന് വിരുദ്ധമായി നിലപാട് സ്വീകരിച്ച ഐ.എൻ.ടി.യു.സിക്ക് കെ.പി.സി.സിയുടെ താക്കീത്. ആശമാർ ആരോഗ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ സി.ഐ.ടി.യുവിനും എ.ഐ.ടി.യു.സിക്കുമൊപ്പം ഐ.എൻ.ടി.യു.സിയും പങ്കെടുത്തെങ്കിലും സമരക്കാർക്കൊപ്പം നിൽക്കുന്നതിന് പകരം സർക്കാറിനൊപ്പം ഐ.എൻ.ടി.യു.സി നിലകൊണ്ടെന്ന വ്യാപക വിമർശനത്തിന് പിന്നാലെയാണ് നടപടി.
ഭരണാനുകൂല സംഘടനകളായ സി.ഐ.ടി.യുവിന്‍റെയും എ.ഐ.ടി.യു.സിയുടെയും സർക്കാർ അനുകൂല നിലപാട് മനസ്സിലാക്കാമെങ്കിലും ഐ.എൻ.ടി.യു.സിയുടേത് അപ്രതീക്ഷിതമായിരുന്നു. ഇതിന് പിന്നാലെയാണ് കെ.പി.സി.സി നേതൃത്വം ഐ.എൻ.ടി.യു.സിക്ക് നേരെ നിലപാട് കടുപ്പിച്ചത്.
കഴിഞ്ഞ ദിവസം ഇന്ദിര ഭവനിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ കണ്ട ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തന്‍റെ നിലപാട് വിശദീകരിച്ചു. മന്ത്രി വിളിച്ച ചർച്ചയിൽ സമരത്തിന്റെ ആവശ്യം പഠിക്കാൻ കമ്മിറ്റിയെ വെക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത് താനല്ലെന്നും കോൺഗ്രസിന് വിരുദ്ധമല്ല തന്റെ നിലപാടെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
ആശ സമരത്തെ പിന്തുണക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും അതിന് വിരുദ്ധമായ പ്രവർത്തനം അംഗീകരിക്കാനാകില്ലെന്നും കെ. സുധാകരൻ വ്യക്തമാക്കി. എ.ഐ.സി.സി യോഗത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തുമ്പോൾ വീണ്ടും കൂടിക്കാഴ്ചക്കെത്താനും ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ആശ സമരത്തെ തള്ളിപ്പറയുന്ന നിലപാടാണ് ഐ.എൻ.ടി.യു.സി സ്വീകരിച്ചത്. എന്നാൽ, പിന്നീട് ഇതിൽ മലക്കം മറിയുകയും സമരത്തെ പിന്തുണച്ച് രംഗത്തെത്തുകയുമായിരുന്നു. പിന്നാലെയാണ് ചർച്ചക്ക് വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.