കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങാനില്ലെന്നും അതത്ര ആഡംബരമാണെന്ന് കരുതുന്നില്ലെന്നും കെ. സുധാകരൻ എം.പി. ആർക്കും ഏത് പ്രസിഡന്റിനെ വേണമെങ്കിലും നിയമിക്കാം. ആ പ്രസിഡന്റുമായി സഹകരിക്കുമെന്ന് സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എല്ലാവർക്കും ആവശ്യമുണ്ടെങ്കിൽ കെ.പി.സി.സി പ്രസിഡന്റായി തുടരാൻ സമ്മതിച്ചാൽ മതി. പിണറായി വിജയനെ വീണ്ടും അധികാരത്തിൽ എത്തിക്കാതിരിക്കാനാണ് താൻ പ്രവർത്തിക്കുന്നത്. അതിനപ്പുറത്ത് ഒരു ലക്ഷ്യവുമില്ല. മുഖ്യമന്ത്രി സ്ഥാനം പോലും സ്വപ്നമല്ല.
കോൺഗ്രസിൽ നേതൃമാറ്റ ചർച്ച നടക്കുന്നില്ല. ഉണ്ടെങ്കിൽ ആരും അതിന് എതിരുമല്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പക്ഷേ, പാർട്ടിയെ നയിക്കാനുണ്ടാകും. ദീപദാസ് മുൻഷി നേതാക്കളെ ഒറ്റക്കൊറ്റക്ക് കാണുന്നത് നേതാക്കന്മാർക്ക് ഐക്യമില്ലാത്തതു കൊണ്ടല്ല. അവർക്ക് നേതാക്കളെ വിശ്വാസമില്ലാത്തതു കൊണ്ടാണ്. ഒരുമിച്ചിരുന്നു സംസാരിക്കുന്നതിന് ദീപദാസ് മുൻഷിക്ക് വിയോജിപ്പുണ്ട്.
എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത കേസിൽ തന്നെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതിനു പിന്നിൽ രാഷ്ട്രീയമാണ്. കേസുമായി ബന്ധമില്ലാത്ത ഒരു വിഷയത്തിൽ എന്നെ കൂട്ടിക്കലർത്താൻ ശ്രമിക്കുന്നതിനു പിന്നിലെ ലക്ഷ്യം വ്യക്തമാണ്. ഒരുപാട് കേസ് നടത്തി ശീലമുള്ളയാളാണ് ഞാൻ. അതുകൊണ്ട് പേടിപ്പിക്കാനും വിറപ്പിക്കാനും ആരും നോക്കണ്ട. എം.എൻ. വിജയന്റെ കുടുംബത്തെ ബുധനാഴ്ച സന്ദർശിക്കുന്നുണ്ട്. കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് തന്നിട്ടില്ലെന്നും കെ. സുധാകരൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.