നിലപാടിൽ മാറ്റമില്ലെന്ന് ഷാനിമോൾ ഉസ്മാൻ; പരിഗണിച്ചത് കെ. സുധാകരന്‍റെ സീനിയോരിറ്റി

ആലപ്പുഴ: കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ. സുധാകരനോട് മാപ്പ് പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ എം.എൽ.എ. മാപ്പ് പറഞ്ഞത് ആലോചിച്ചെടുത്ത തീരുമാനമെന്ന് ഷാനിമോൾ പറഞ്ഞു. ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിനാണ് മാപ്പ് പറഞ്ഞത്. ഒരു നിലപാടിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും വിവാദത്തിൽ കൂടുതൽ ചർച്ചക്കില്ലെന്നും ഷാനിമോൾ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തിൽ കെ. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമശമാണ് വിവാദത്തിനിടയാക്കിയത്. ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ എടുത്തിരിക്കുന്നു എന്നും ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പറഞ്ഞിരുന്നു.

വിവാദ പരാമർശത്തിൽ കെ. സുധാകരൻ മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടിരുന്നു. തൊഴിലിനെ അപമാനിച്ച് സുധാകരൻ സംസാരിച്ചത് അങ്ങേയറ്റത്തെ തെറ്റാണ്. തൊഴിൽ ചെയ്യാതെ പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാമെന്നും ഷാനിമോൾ ഉസ്മാൻ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, പരാമർശത്തിൽ ഉറച്ചുനിന്ന സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതീയമായ അധിക്ഷേപിച്ചിട്ടില്ലെന്ന് ന്യായീകരിച്ചു. ജാതിത്തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു.

പിണറായി വിജയനെതിരായ പരാമർശത്തിൽ ഷാനിമോൾ ഉസ്മാൻ വിഷമിക്കുന്നതെന്തിനാണെന്നും കെ. സുധാകരൻ ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര അസംതൃപ്തിയും മനഃപ്രയാസവും എന്ന് മനസിലാകുന്നില്ല. ഉമ്മന്‍ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരെ എന്തെല്ലാം കാര്യങ്ങള്‍ പലരും പറഞ്ഞിട്ടുണ്ട്. അന്നൊന്നും തോന്നാത്ത വികാരങ്ങളും വിചാരങ്ങളും ഷാനിമോള്‍ ഉസ്മാന് പിണറായി വിജയനെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്ത്പറ്റിയെന്നാണ് സംശയമെന്നും കെ. സുധാകരന്‍ പറഞ്ഞു.

തന്‍റെ പരാമർശത്തെ എതിർത്ത് സി.പി.എം നേതാക്കൾ പോലും രംഗത്തെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കെ. സുധാകരൻ, ഷാനിമോളുടെ പരാമർശത്തിൽ കെ.പി.സി.സിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.