പുരാവസ്തു തട്ടിപ്പുകേസ്​: കെ. സുധാകരന്‍ മുൻകൂർ ജാമ്യ ഹരജി നൽകി

കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. സുധാകരനെതിരെ വഞ്ചനക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നൽകിയ സാഹചര്യത്തിലാണ്​ മുൻകൂർ ജാമ്യ ഹരജി. പുരാവസ്തു തട്ടിപ്പ്​ കേസിന്‍റെ എഫ്​.​ഐ.ആറിൽ തനിക്കെതിരെ ആരോപണങ്ങളില്ലായിരുന്നെന്നും .സംശയത്തിന്‍റെ പേരിൽ 19 മാസത്തിനുശേഷമാണ്​​ ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചതെന്നും​ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ജൂൺ 14ന്​ കളമശ്ശേരി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച്​ നോട്ടീസ്​ നൽകിയിരുന്നെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളും യോഗങ്ങളും ഉള്ളതിനാൽ അന്ന്​ ഹാജരായില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കത്ത്​ നൽകിയെന്നും ഹരജിയിൽ പറഞ്ഞു. 14ന്​ ഹാജരാകാനുള്ള നോട്ടീസ്​ 10ന്​ മാത്രമാണ്​ ലഭിക്കുന്നതെന്ന്​ സുധാകരൻ ഹരജിയിൽ പറഞ്ഞു. അവിശ്വസനീയമായ കാരണങ്ങളും പൊലീസിനുമേലുള്ള രാഷ്ട്രീയ സമ്മർദവുമാണ്​ നോട്ടീസിന്​ കാരണം. തനിക്കെതിരെ കുറ്റങ്ങൾ നിലനിൽക്കില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ, ക്രിമിനൽ നടപടിക്രമം 41 എ ​പ്രകാരം നോട്ടീസ്​ ലഭിച്ചതിനാൽ പിന്നാലെ അറസ്റ്റുണ്ടായേക്കുമെന്ന ആശങ്കയുണ്ടെന്ന്​ ഹരജിയിൽ പറയുന്നു. അറസ്റ്റ്​ ​ചെയ്താൽ കസ്​റ്റഡിയിൽ പീഡിപ്പിക്കാനും അവഹേളിക്കാനും അന്യായമായി തടവിൽ വെക്കാനും സാധ്യതയുണ്ട്​. അതിനാൽ, അറസ്റ്റുണ്ടായാൽ ജാമ്യം അനുവദിക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

മോൻസണിന്​​ 25 ലക്ഷം രൂപ കൈമാറുമ്പോൾ സുധാകരന്‍റെ സാന്നിധ്യമുണ്ടായിരുന്നെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ കേ​സ്​ എടുത്തിരിക്കുന്നത്​. ലോക്സഭാംഗമായ സുധാകരന്‍റെ സഹായം നിങ്ങൾക്ക്​ ലഭിക്കുമെന്ന്​ പണം നൽകുമ്പോൾ മോൻസൺ ഉറപ്പ്​ നൽകിയിരുന്നുവെന്നും പരാതിക്കാർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - K Sudhakaran filed anticipatory bail plea in Antiquities fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.