‘കടലുകൾ താണ്ടി വന്നവർക്ക് പുതിയ കേസുകൾ വെറും കൈത്തോട്, ആരും ഭയപ്പെടുത്താൻ നോക്കണ്ട’

ആലുവ: താനും പ്രതിപക്ഷ നേതാവുമെല്ലാം ഒരുപാട് കടലുകൾ താണ്ടി വന്നവരാണെന്നും പുതിയ കേസുകൾ തങ്ങൾക്ക് വെറും കൈത്തോടാണെന്നും കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. ഇതൊന്നും കാട്ടി ആരും ഭയപ്പെടുത്താൻ നോക്കണ്ടെന്നും സുധാകരൻ പറഞ്ഞു. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ ​പ്രതി ചേർത്തതിനെക്കുറിച്ച് മാധ്യമപ്രവത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കേസിൽ തനിക്ക് ഒരു ബന്ധവുമില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് ദിവസം മുമ്പാണ് നോട്ടീസ് കിട്ടിയത്. മോൻസണിനെതിരെ തെളിവ് കൊടുക്കണമെന്നാണ് അതിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച കോഴിക്കോട് ക്യാമ്പ് നടക്കുന്നതിനാൽ ചോദ്യം ചെയ്യലിന് പോകുന്നില്ല. ഇക്കാര്യം അറിയിച്ച് പൊലീസിന് വിവരം നൽകും. ഒരു പങ്കുമില്ലാത്ത കേസിൽ പ്രതിചേർത്താൽ നിയമപരമായി പ്രതിരോധിക്കും.

കേസിൽ ഗൂഢാലോചനയുണ്ട്. എങ്ങനെ പ്രതിയായെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്​. പരാതിക്കാർ നേരത്തേ കൊടുത്ത സ്റ്റേറ്റ്​മെന്‍റിൽ തന്‍റെ പേര് പരാമർശിച്ചിട്ടില്ല. അവരുമായി ഒരു ബന്ധവുമില്ല. പാർലമെന്‍റ്​ ധനകാര്യ സ്ഥിരം സമിതി അംഗമെന്ന നിലയിൽ താൻ വാഗ്ദാനം കൊടുത്തെന്നാണ് ആരോപണം. എന്നാൽ, അങ്ങനെയൊരു സമിതിയിൽ താൻ അംഗമായിരുന്നില്ല. പിന്നെങ്ങനെയാണ് ആ സ്ഥാനത്തിരുന്ന് അവരെ സഹായിക്കാമെന്ന് വാഗ്ദാനം കൊടുക്കുക.

നേരത്തേ കേസ് ഉയർന്നപ്പോൾ നിയമപരമായി നേരിടുമെന്ന് പറഞ്ഞെങ്കിലും താനതിൽ പ്രതിയാണെന്ന് പൊലീസ് പറയാതിരുന്നതിനാലാണ് പിന്നാലെ പോകാതിരുന്നത്. മോൻസൻ ഡോക്ടറാണെന്ന് കരുതി കണ്ണിന്‍റെ ചികിത്സക്കാണ് പോയത്. പിന്നീടാണ് വ്യാജ ഡോക്ടറാണെന്ന് മനസ്സിലായത്. എന്നാൽ, അയാൾ മാപ്പ് പറഞ്ഞതിനാലാണ് കേസ് കൊടുക്കാതിരുന്നത്​.

വനം മന്ത്രിയായിരിക്കുമ്പോൾ കോടികൾ ഉണ്ടാക്കാമായിരുന്നു. അത്തരം സന്ദർഭം ഉപയോഗിക്കാത്ത താൻ മോൻസന്‍റെ കൈയിൽ നിന്ന്​ പണം വാങ്ങേണ്ട കാര്യമില്ല. മോൻസണിന് പരാതിക്കാർ പണം കൈമാറുന്നത് കണ്ടിട്ടില്ല. ഈ പരാതിക്കാരിൽ ആരെയും അറിയില്ല. പരാതിക്കാർക്ക്​ പിന്നിൽ കേസ് നടത്തിക്കാൻ മറ്റൊരു ശക്തിയുണ്ടോയെന്ന് സംശയിക്കുന്നു. മോൻസൺ എവിടെയും തന്‍റെ പേര് പറഞ്ഞിട്ടില്ല. ബെഹ്റയടക്കം ഒരു വിഭാഗത്തെ മാറ്റിനിർത്തി കേസെടുക്കുന്നതിലും ദുരൂഹതയുണ്ട്. സത്യവും നീതിയും ഞങ്ങളുടെ ഭാഗത്താണ്. നിഷ്​പ്രയാസം ഇതിനെ മറികടക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Tags:    
News Summary - K sudhakaran attack to pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.