പിണറായിക്കെതിരെ കെ. സുധാകരൻ മത്സരിക്കണമെന്നാണ് ആഗ്രഹം -മുല്ലപ്പള്ളി

ആലപ്പുഴ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സുധാകരന്‍റെ സമ്മതത്തിനായി കാത്തിരിക്കുകയാണ്. വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്‍റെ പ്രസ്താവനക്കെതിരെ എന്തു കൊണ്ട് പിണറായി വിജയൻ പ്രതികരിക്കുന്നില്ല. ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത മാധ്യമപ്രവർത്തകനായിരുന്നു ബാലശങ്കർ. ബാലശങ്കറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. ഒരു വർഷമായി താൻ പറയുന്ന കാര്യങ്ങളാണ് ബാലശങ്കർ ഇപ്പോൾ വെളിപ്പെടുത്തിയതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കൃത്യമായ രഹസ്യധാരണയും അവിശുദ്ധ കൂട്ടുകെട്ടുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ അക്കാര്യം വ്യക്തമായതാണ്. മഞ്ചേശ്വരം മുതൽ പാറശാല വരെ ഉണ്ടാക്കായ ധാരണയെ കുറിച്ചും വോട്ടിന്‍റെ കണക്കുകളും താൻ പുറത്തുവിട്ടിരുന്നു. എന്നിട്ട് സി.പി.എമ്മിലെയോ ബി.ജെ.പിയിലെയോ ഒരാൾ പോലും പ്രതികരിച്ചു കണ്ടില്ല. നട്ടെല്ലുള്ള ഒരു ആൺകുട്ടി പോലും സി.പി.എമ്മിലോ ബി.ജെ.പിയിലോ ഈ നടപടിയെ ചോദ്യം ചെയ്ത് രംഗത്തു വന്നില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സി.പി.എം എല്ലാ അർഥത്തിലും പ്രതികൂട്ടിലാണ്. മുഖ്യമന്ത്രിയെ മതേതര മനസുള്ള കേരളീയ സമൂഹം കുറ്റവിചാരണ നടത്താൻ പോകുന്നു. അതിന്‍റെ വെപ്രാളമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ അടിയന്തരമായി നടത്തിയ വാർത്താസമ്മേളനമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഇരിക്കൂറിലെ സ്ഥാനാർഥി സംബന്ധിച്ച് ചെറിയ പ്രശ്നങ്ങളുണ്ട്. ഉമ്മൻചാണ്ടി പരാതിക്കാരെ കണ്ട് വിഷയം ചർച്ച ചെയ്ത് പരിഹരിക്കും. കോൺഗ്രസിന്‍റെ വിജയസാധ്യതയെ ബാധിക്കുന്ന പ്രശ്നങ്ങൾ പാർട്ടിയിലില്ല. പാർട്ടിയെ സ്നേഹിക്കുന്നവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സി.പി.എം അടക്കമുള്ള പാർട്ടികളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നതിന്‍റെ തെളിവാണ് പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങിയതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Tags:    
News Summary - K Sudhakaran against Pinarayi wants to election contest - Mullappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.